ലോക്കോ പൈലറ്റുമാരുടെ നിയമനം: മെഡിക്കല്‍ പരിശോധന നീളുന്നു
Saturday, July 19, 2025 2:12 AM IST
കോഴിക്കോട്: ഒഴിവുകൾ കൂടിവരുമ്പോഴും അസി. ലോക്കോ പൈലറ്റുമാരുടെ നിയമനം റെയിൽവേ നീട്ടിക്കൊണ്ടുപോകുന്നു. 2024ൽ റെയിൽവേ റിക്രൂട്ട്മെന്റ് വിജ്ഞാപനം ചെയ്ത അസി. ലോക്കോ പൈലറ്റുമാരുടെ നിയമനം പൂർത്തിയാക്കാൻ രണ്ടുവര്‍ഷമാകും.
പുതുതായി 8,000 ലോക്കോ പൈലറ്റുമാരുടെയെങ്കിലും ഒഴിവുകളുണ്ടാകുമെന്നാണു റിപ്പോർട്ട്. 18,779 തസ്തികയിലേക്കാണ് നിയമനം നടത്തേണ്ടത്. എന്നാൽ നിയമനം കേന്ദ്രസർക്കാർ നീട്ടിക്കൊണ്ടുപോകുകയാണ്. കഴിഞ്ഞ 14, 15 തീയതികളിലാണ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് പൂർത്തിയായത്. ഇനി മെഡിക്കൽ ടെസ്റ്റ്കൂടി നടത്താനുണ്ട്. അതുകഴിഞ്ഞാകും നിയമനം.
സോണൽ അടിസ്ഥാനത്തിൽ 150 പേർക്കുള്ള പരിശീലനം നൽകാനാണു റെയിൽവേ ബോർഡ് നിർദേശം. ഒമ്പത് സോണിലാണ് പ്രധാന ട്രെയിനിംഗ് സെന്റർ പ്രവർത്തിക്കുന്നത്.11 ഇലക്ട്രിക്കൽ ട്രെയിനിംഗ് സെന്ററുമുണ്ട്. ഇതിൽ എല്ലാ കേന്ദ്രങ്ങളിലും പരിശീലനം നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ രണ്ടു പരിശീലന കേന്ദ്രമുണ്ടെങ്കിലും നിയമപഠനത്തിനുള്ള സൗകര്യം തിരുച്ചിറപ്പള്ളിയിൽ മാത്രമാണുള്ളത്.
രണ്ടുമാസമാണ് പരിശീലനം. ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാർ 5,676 തസ്തികയിലേക്കാണ് വിജ്ഞാപനമിറക്കിയത്. തുടർന്ന് ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ പ്രക്ഷോഭം നടത്തിയശേഷമാണ് അത് 18,779 ആക്കിയത്. ഇതിൽ ദക്ഷിണ റെയിൽവേയിലേക്ക് 726 പേർക്ക് നിയമനം ലഭിക്കും. എന്നാൽ 2025ൽ വിജ്ഞാപനം ചെയ്ത 9,970 ഒഴിവിലേക്ക് ഇതുവരെ പരീക്ഷ നടത്താനുള്ള നടപടി തുടങ്ങിയിട്ടില്ല.