ശ്വാസകോശത്തില്‍ പ്ലാസ്റ്റിക് കട്ട കുടുങ്ങിയ കുട്ടിക്ക് സങ്കീർണ ചികിത്സയിലൂടെ പുതുജീവൻ
Monday, November 11, 2024 4:19 AM IST
കൊച്ചി: ശ്വാസകോശത്തില്‍ പ്ലാസ്റ്റിക് കട്ട കുരുങ്ങി ഗുരുതരാവസ്ഥയിലായ ഒമ്പതുവയസുകാരന് സങ്കീര്‍ണമായ ചികിത്സയിലൂടെ പുതുജീവൻ. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇഎന്‍ടി സര്ജന് ഡോ. വി.ഡി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
റബര്‍ ട്യൂബ് കടിച്ചു വലിച്ചു കളിക്കുന്നതിനിടെയാണ് പെരുമ്പാവൂര്‍ സ്വദേശിയായ കുട്ടിയുടെ ശ്വാസകോശത്തിലേക്ക് പ്ലാസ്റ്റിക് കട്ട അബദ്ധത്തില്‍ പോയത്. അതോടെ ചുമയും ശക്തമായ ശ്വാസതടസവും അനുഭവപ്പെട്ടു. പ്രാഥമിക പരിശോധനയിലും എക്സ്റേയിലും പ്രത്യേകിച്ചൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും സിടി സ്കാനിന് വിധേയനാക്കിയപ്പോൾ അന്യവസ്തു ശ്വാസകോശത്തില്‍ കണ്ടെത്തുകയായിരുന്നു. ശ്വാസകോശത്തിനുള്ളിലെ പ്രധാനനാളി പൂര്‍ണമായും തടസപ്പെടുത്തുന്ന രീതിയില്‍ അതിഗുരുതരാവസ്ഥയിലാണ് ദീര്‍ഘചതുരത്തിലുള്ള പ്ലാസ്റ്റിക് കട്ട കുടുങ്ങിയിരുന്നത്.
ഉടന്‍ റിജിഡ് ബ്രോങ്കോസ്കോപ്പി ചെയ്തു. രോഗിയെ പൂര്‍ണമായും ബോധരഹിതനാക്കി ശ്വാസകോശത്തിലേക്ക് സൂക്ഷ്മമായ നിരീക്ഷണ കാമറ കടത്തി പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക് കട്ട നീക്കം ചെയ്യുകയായിരുന്നു. അനസ്തേഷ്യ വിദഗ്ധരായ ഡോ. വിവേക് വിവിയന്‍, ഡോ. വീണ ബിനു എന്നിവരും ഒന്നര മണിക്കൂറോളം നീണ്ട ചികിത്സയില്‍ പങ്കാളികളായി. രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.