ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന കലോത്സവം: മാനന്തവാടി രൂപത ചാന്പ്യന്മാർ
Sunday, November 10, 2024 1:03 AM IST
പാലക്കാട്: ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന കലോത്സവത്തിൽ മാനന്തവാടി രൂപത 474 പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി. 443 പോയിന്റ് നേടി പാലാ രൂപത രണ്ടാംസ്ഥാനവും 410 പോയിന്റുകളോടെ തലശേരി അതിരൂപത മൂന്നാംസ്ഥാനവും നേടി. കോതമംഗലം രൂപത(408)യും ഇടുക്കി രൂപത(372)യും നാലും അഞ്ചും സ്ഥാനത്തെത്തി.
രാവിലെ മിഷൻലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ പതാക ഉയർത്തിയതോടെ കലാമേളയ്ക്കു തുടക്കമായി. തുടർന്നു നടന്ന വിളംബരറാലി യുവക്ഷേത്ര കോളജ് അങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ പാലക്കാട് രൂപത ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത് മത്സരാർഥികളെ മിഷൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് പ്രേഷിത കലാമേള ഉദ്ഘാടനം ചെയ്തു.
ഏഴു സ്റ്റേജുകളിലായി പ്രസംഗം, സംഗീതം, ബൈബിൾ വായന, മിഷൻ ക്വിസ് തുടങ്ങിയ ഇനങ്ങളിൽ വിവിധ രൂപതകളിൽനിന്നു മത്സരിച്ചു വിജയികളായി എത്തിച്ചേർന്ന ആയിരത്തോളം മിഷൻലീഗ് കലാപ്രതിഭകൾ പങ്കെടുത്തു.
കലോത്സവത്തിനു മുന്നോടിയായി നടത്തിയ സാഹിത്യമത്സരത്തിൽ മാനന്തവാടി രൂപത ഒന്നാംസ്ഥാനവും തലശേരി, പാലാ രൂപതകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. കലാമത്സരത്തിൽ പാലാ രൂപത ഒന്നാംസ്ഥാനവും മാനന്തവാടി, കോതമംഗലം രൂപതകൾ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ജനറൽ സെക്രട്ടറി ജയ്സണ് പുളിച്ചുമാക്കൽ, ജനറൽ ഓർഗനൈസർ തോമസ് അടുപ്പുകല്ലുങ്കൽ, രൂപതാ ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത്, പ്രസിഡന്റ് ഡേവിസ് കെ. കോശി, ബെന്നി മുത്തനാട്ട്, ബേബി പ്ലാശേരിഎന്നിവർ പ്രസംഗിച്ചു.