ലോക വൈറ്റ്കെയിൻ ദിനം ഇന്ന്; ഹബീബ് സാറാണ് യഥാർഥ വഴികാട്ടി
Tuesday, October 15, 2024 1:29 AM IST
സെബി മാളിയേക്കൽ
തൃശൂർ: വൈറ്റ്കെയിൻ ഡോ. ഹബീബിനെപ്പോലെ ലോകമെന്പാടുമുള്ള ലക്ഷക്കണക്കിനു കാഴ്ചപരിമിതർക്കു വഴികാട്ടിയാണ്. എന്നാൽ, ഒട്ടും കാഴ്ചയില്ലാത്ത ഹബീബ് നൂറുകണക്കിനു ശിഷ്യർക്കും ആംഗലേയഭാഷ യിൽ തന്റെ കീഴിലുള്ള ഗവേഷണ വിദ്യാർഥികൾക്കും ഉത്തമ വഴികാട്ടിയാണ്; പ്രചോദനമാണ്.
“സാറിന്റെ കീഴിൽ ഞങ്ങൾ നാലു പേർ ഗവേഷണം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ അറിവ് അപാരമാണ്. അതുകൊണ്ടുതന്നെ സംശയവുമായി ചെല്ലുന്പോൾ നന്നായി ഗൃഹപാഠം ചെയ്യണം.
ഒരു കാര്യത്തെക്കുറിച്ച് ചോദിച്ചാൽ അത് ഇംഗ്ലീഷോ മലയാളമോ സയൻസോ എന്തുമായിക്കോട്ടേ ഏറെ ജ്ഞാനമുണ്ട്. അസൈൻമെന്റുകൾ വെറുതെയൊന്ന് വായിക്കുകയല്ല, വളരെ സൂക്ഷ്മമായി വിശകലനം ചെയ്യും. തെറ്റുകളോ പ്രയോഗത്തിലെ അപാകതകളോ തിരുത്തിത്തരും. കൂടാതെ, കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള പ്രായോഗിക നിർദേശങ്ങളും.
കണ്ണൂർ വാഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പിജി ചെയ്ത ഞാൻ ഏറെ അന്വേഷണത്തിനൊടുവിലാണു പിഎച്ച്ഡി ചെയ്യാനായി സാറിനെത്തേടി കോഴിക്കോട് ഫാറൂഖിൽ എത്തിയത്. അതു നൂറുശതമാനം ശരിയായെന്ന് എനിക്കു ബോധ്യപ്പെട്ടു.
‘ആയിരം ദിവസത്തെ ശ്രമകരമായ പഠനത്തെക്കാൾ ശ്രേഷ്ഠമാണ് ഗുരുവിനൊപ്പമുള്ള ഒരു ദിനം’ എന്ന ജപ്പാനീസ് പഴമൊഴി അക്ഷരാർഥത്തിൽ ശരിയാണ് ഹബീബ് സാറിന്റെ കാര്യത്തിൽ. അത്രമാത്രം ഒരു പോസിറ്റീവ് വൈബാണ്”- രണ്ടുവർഷമായി പിഎച്ച്ഡി ചെയ്യുന്ന പി. ഷാംലിയുടെ വാക്കുകൾ ഡോ. ഹബീബ് എന്ന അധ്യാപകന്റെ നേർച്ചിത്രം വരയ്ക്കുന്നു.
അനുശ്രീ, നീതു ജോളി, ജിസ്മി തൻസീൽ എന്നീ ഗവേഷണ വിദ്യാർഥികൾക്കും തങ്ങളുടെ റിസർച്ച് ഗൈഡായ സാറിനെക്കുറിച്ചുപറയാൻ നൂറുനാവാണ്. കോഴിക്കോട് ഫാറൂഖ് കോളജിലെ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥികൾക്കും മറിച്ചൊരു അഭിപ്രായമില്ല.
ശ്രമകരമായ ബാല്യം
ഗസൽ ഗായകൻ കൂടിയായ ഹബീബിന്റെ പാട്ടുകൾപോലെ അത്ര സുന്ദരമായിരുന്നില്ല ബാല്യം. വയനാട് വൈത്തിരിയിലെ കർഷകത്തൊഴിലാളിയായിരുന്ന ചുള്ളിയിൽ കുഞ്ഞമ്മദ്കുട്ടിക്കും ഹവ്വയ്ക്കും ആദ്യം പിറന്നത് ഇരട്ടക്കുട്ടികളായിരുന്നു; ഹബീബും അക്ബറും. പക്ഷേ, ഇരുവരും നൂറുശതമാനം കാഴ്ചയില്ലാത്തവർ. കോഴിക്കോട് റഹ്മാനിയ അന്ധവിദ്യാലയത്തിലായിരുന്നു ഏഴാം ക്ലാസ് വരെ. പിന്നീട് തരിയാട് നിർമല ഹൈസ്കൂളിൽ. 600ൽ 550 മാർക്കുനേടിയാണ് ഹബീബ് എസ്എസ്എൽസി വിജയിച്ചത്.
റാങ്ക്, ജോലി, പിഎച്ച്ഡി
പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസിൽനിന്നും സംസ്ഥാനതലത്തിൽ ഹ്യുമാനിറ്റീസിൽ നാലാം റാങ്കോടെ ജയം. തുടർന്ന് കോഴിക്കോട് ഫാറൂഖ് കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദപഠനം. 2005ൽ കാലിക്കട്ട് വാഴ്സിറ്റിയിൽ ഒരുചരിത്രം പിറന്നു- ഹബീബിന് ഒന്നാം റാങ്കും സഹോദരൻ അക്ബറിന് മൂന്നാം റാങ്കും!
പിന്നെ അവിടെത്തന്നെ പിജി. തുടർന്ന് നെറ്റ്. 2007 മുതൽ മൂന്നുവർഷം ഫാറൂഖിൽ ഗസ്റ്റ് ലക്ചറർ. 2010 നവംബർ മുതൽ സ്ഥിരനിയമനം. ആംഗലേയസാഹിത്യം അനായാസേന കൈകാര്യം ചെയ്യുന്ന മാഷിന് 2018ൽ പിഎച്ച്ഡി. വൈകാതെ റിസർച്ച് ഗൈഡ് പദവി. കേരളത്തിലെ ആദ്യ കാഴ്ചപരിമിതിയുള്ള റിസർച്ച് സൂപ്പർവൈസർ.
ആത്മവിശ്വാസത്തിന്റെ വെള്ളവടി
“ചെറുപ്പം മുതലേ വെള്ളവടിയെക്കുറിച്ച് കേട്ടിരുന്നെങ്കിലും 2003ൽ ബിരുദപഠനകാലത്താണ് ഇതുപയോഗിക്കാൻ തുടങ്ങിയത്. അന്നുഞാൻ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ വിദ്യാർഥി ഫോറം സംസ്ഥാന പ്രസിഡന്റായിരുന്നു. പലപ്പോഴും ബസ്, ട്രെയിൻ യാത്രകൾ അനിവാര്യമായി.
അന്ന് വൈറ്റ്കെയിൻ ഉപയോഗിച്ച് ഒറ്റയ്ക്ക് സഞ്ചരിക്കാൻ എന്നെ പ്രചോദിപ്പിച്ചതും പ്രാപ്തനാക്കിയതും സ്കൂൾ അധ്യാപകനായിരുന്ന ടി.പി. രാജേഷ് സാറായിരുന്നു. പിന്നെ അതൊരു ശീലമായി. കഴിഞ്ഞ 21 വർഷമായി ഈ വെള്ളവടി എന്റെ സന്തതസഹചാരിയാണ്. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്ക്കന്റ്വരെ ഞാൻ ഈ വടിയുംകൊണ്ട് തനിയെ പോയി. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡിന്റെ പ്രസിഡന്റായതിനാൽ ഏഷ്യൻ ബ്ലൈൻഡ് യൂണിയന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതാണ്.
അന്താരാഷ്്ട്രതലത്തിൽതന്നെ വെള്ളവടി കാഴ്ചയില്ലാത്തവരുടെ സുരക്ഷിതത്വത്തിന്റെയും സ്വാശ്രയത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. ഡ്രൈവർമാരും മറ്റും പെട്ടെന്ന് തിരിച്ചറിയും. എവിടെ യാത്രചെയ്യാനും നമുക്കൊരു ആത്മവിശ്വാസം ലഭിക്കും. അതുകൊണ്ടാണ് 1964 മുതൽ വൈറ്റ്കെയിൻ സേഫ്റ്റി ഡേ ആചരിക്കുന്നത്.
പക്ഷേ, കേരളത്തിൽ ഇപ്പോഴും ഞങ്ങളിൽപലരും ഇതുപയോഗിക്കാതെ കൂട്ടാളിയുടെ സഹായം തേടുന്നുവെന്നതാണ് യാഥാർഥ്യം. ഇപ്പോ മൊബൈൽ ഫോണിൽ ലാസറില്ലോ ജിപിഎസ് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സഞ്ചാരം ഒന്നുകൂടി എളുപ്പമാകും’’- ഡോ. ഹബീബ് പറഞ്ഞുനിർത്തി.
2013ൽ ജീവിതപങ്കാളിയായെത്തിയ റുക്സാനിയ പുല്ലാനൂർ ഗവ. ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. മക്കൾ: ആമിർ സയാൻ, അമൽ സിദാൻ, ആശിർ സയാൻ.