ബസ് തോട്ടിലേക്കു മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പംകൊണ്ടല്ല; ആർടിഒയെ തള്ളി ഗതാഗത മന്ത്രി
Saturday, October 12, 2024 1:48 AM IST
തിരുവമ്പാടി: തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തിൽ ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ.
ബസിന്റെ ടയറുകൾക്കും ബ്രേക്കിനും തകരാർ ഇല്ലെന്നും ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നുമായിരുന്നു മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സംഘത്തിന്റെ റിപ്പോർട്ട്.
എന്നാൽ, ആർടിഒയെ തള്ളിയാണ് മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചത്. ബസ് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പംകൊണ്ടല്ലെന്നും ഇരുചക്രവാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടി ഭാഗത്തേക്കു വരുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് കാളിയാമ്പുഴയിലേക്കു മറിഞ്ഞത്. അപകടത്തിൽ രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിര്‍ണായക സമയത്ത് ഡ്രൈവര്‍ വേണ്ട ശ്രദ്ധ കാണിച്ചില്ലെന്നാണ് ആര്‍ടിഒ അന്വേഷണത്തില്‍ വ്യക്തമായത്. അതേസമയം, ഇത്തരം അപകടങ്ങളില്‍ ഡ്രൈവര്‍ക്കെതിരേ നടപടി എടുക്കുന്നത് മറ്റുള്ളവരുടെകൂടി മനോവീര്യം തകര്‍ക്കുമെന്ന വിലയിരുത്തലാണ് മന്ത്രിതലത്തില്‍ ഉണ്ടായത്.