ഓൺലൈൻ തട്ടിപ്പിൽ വീട്ടമ്മയ്ക്കു നഷ്ടമായത് പന്ത്രണ്ടര ലക്ഷം
Wednesday, September 18, 2024 1:57 AM IST
പയ്യന്നൂർ: വെള്ളൂരിൽ കാറമേലിലെ മുപ്പത്തൊന്നുകാരിയായ വീട്ടമ്മയ്ക്ക് ഓൺലൈൻ തട്ടിപ്പിൽ അഞ്ചു ദിവസംകൊണ്ട് നഷ്ടമായത് 12,55,252 രൂപ. ഒടുവിൽ ചതി തിരിച്ചറിഞ്ഞപ്പോൾ നഷ്ടമായ തന്റെ സമ്പാദ്യം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
പാർട് ടൈം ജോലിയിലൂടെ ദിവസേന 1000 മുതൽ 5000 രൂപ വരെ സമ്പാദിക്കാമെന്ന അനു ഷമ്മ എന്ന ഇൻസ്റ്റഗ്രാമിൽ വന്ന പരസ്യത്തിലാണ് വീട്ടമ്മ വീണത്. പരസ്യത്തിലുണ്ടായിരുന്ന +916207144669 എന്ന വാട്സാപ് നമ്പർ വഴി https:t.me/monika Ali:8212ട -ൽ ജോയിൻ ചെയ്തപ്പോൾ ജോലിക്കുള്ള യോഗ്യത തെളിയിക്കുന്നതിനുള്ള ടാസ്കാണു ലഭിച്ചത്.
ആദ്യം ആയിരം രൂപയുടെ ടാസ്ക് ചെയ്തപ്പോൾ ലാഭമുൾപ്പെടെ ലഭിച്ച വിവരത്തിന്റെ സന്ദേശം ലഭിച്ചു. തുടർന്ന്, ടാസ്കുകൾ ഓരോന്നായി വന്നു കൊണ്ടിരുന്നു. അതിനനുസരിച്ച് ലാഭവിഹിതം കണക്കിൽ മാത്രം കൂടിക്കൊണ്ടിരുന്നു.
ഈ മാസം ആറുമുതൽ 10 വരെയുള്ള അഞ്ചു ദിവസങ്ങളിലായി ഇത്തരത്തിൽ 12,55,252 രൂപയാണു തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ഒഴുകിപ്പോയത്. പണം അങ്ങോട്ട് ഒഴുകിയതല്ലാതെ പറഞ്ഞ ലാഭമോ നൽകിയ പണമോ ഒന്നും തിരിച്ച് അക്കൗണ്ടിലേക്കു വന്നതുമില്ല.
അപ്പോൾ മാത്രമാണു വീട്ടമ്മയ്ക്ക് താൻ ചെന്നു ചാടിയ കുഴിയുടെ ആഴം ബോധ്യപ്പെട്ടത്. പിന്നീട് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ഇവരുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വ്യക്തമായ ഊരും പേരുമില്ലാത്ത ഇത്തരം ഓൺലൈൻ തട്ടിപ്പുസംഘങ്ങളെ കണ്ടെത്തുകയെന്നതു വളരെയേറെ ദുഷ്കരമാണെന്നു പോലീസ് പറയുന്നു.
മലയാളികളാണ് ഇവരുടെ വലയിൽ കൂടുതലായി കുടുങ്ങുന്നതെന്നും ഇത്തരം ഓൺലൈൻ തട്ടിപ്പുകളിൽ വീഴാതിരിക്കാനുള്ള ജാഗ്രതയാണ് എല്ലാവരിലുമുണ്ടാകേണ്ടതെന്നും പോലീസ് വീണ്ടും മുന്നറിയിപ്പു നൽകുകയാണ്.