കാട്ടാനക്കലി; കാർ തകർത്തു
Tuesday, September 17, 2024 1:49 AM IST
അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റിൽ ആനയെ കാണാനെത്തിയവരുടെ കാറിനു നേരേ കാട്ടാനയുടെ ആക്രമണം. കഴിഞ്ഞദിവസം രാത്രി കുളിരാൻതോടിനു സമീപംവച്ചാണു പൂതംകുറ്റി സ്വദേശികളുടെ കാർ കാട്ടാന ആക്രമിച്ചത്.
യാത്രക്കാരായ ജോയി, ബേസിൽ, ജോസ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആനയെ കാണാൻ രാത്രി പത്തോടെയാണ് ഇവർ തോട്ടത്തിൽ എത്തിയത്. അയ്യമ്പുഴ ഭാഗത്തുനിന്നു പ്ലാന്റേഷൻ റോഡിലൂടെ വരുന്ന വഴി കുളിരാൻതോടിനു സമീപംവച്ച് ഇവർ കാട്ടനയ്ക്കു മുന്നിൽ അകപ്പെടുകയായിരുന്നു.
വളവിൽ നിൽക്കുകയായിരുന്ന ആനയെ കണ്ടു നിർത്തിയ കാറിനുനേരേ ആന പാഞ്ഞടുക്കുകയും കാറിന്റെ ബോണറ്റിൽ കയറിനിന്നു കൊമ്പു കൊണ്ട് മുൻ ഗ്ലാസിൽ കുത്തുകയും ചെയ്തു. ഭയന്ന യാത്രക്കാർ ഒച്ചവച്ചതിനെത്തുടർന്ന് ആന പിൻവാങ്ങി സമീപത്തായി നിലയുറപ്പിച്ചു.
നാട്ടുകാർ വനപാലകരെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ എഴാറ്റുമുഖം ആർആർടി സംഘം ആനയെ കാട്ടിലേക്കു തുരത്തി യാത്രക്കാരെ സുരക്ഷിതമായി മാറ്റി.