മാമി തിരോധാനം: നിർദേശം ലംഘിച്ചതായി കണ്ടെത്തല്‍
Sunday, September 15, 2024 1:29 AM IST
കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരേയും മലപ്പുറം മുന്‍ എസ്പി ശശിധരനെതിരേയും ആരോപണം.
കേസില്‍ വിമര്‍ശനവിധേയനായ എഡിജിപി എം.ആര്. അജിത് കുമാറുമായി കേസ് വിവരങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന നിര്‍ദേശം ലംഘിച്ചതായാണ് ആരോപണം.
മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്. അജിത്കുമാറിനു പങ്കുണ്ടെന്നായിരുന്നു പി.വി. അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെയാണ് തിരോധാനക്കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ടുകള്‍ ആരോപണസ്ഥാനത്തു നില്ക്കുന്ന എഡിജിപി വഴി പോലീസ് ആസ്ഥാനത്തേക്ക് അയയ്ക്കരുതെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹെബ് നിര്‍ദേശം നല്‍കിയത്.
ഡിഐജി വഴി റിപ്പോര്‍ട്ടുകള്‍ അയയ്ക്കാനാണ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയത്. ഡിജിപിയുടെ വിലക്കു ലംഘിച്ച് അജിത്കുമാര്‍ വഴി തന്നെയാണു ഫയലുകള്‍ അയച്ചത്. ഇത് ഒന്നിലേറെ തവണ ആവർത്തിക്കുകയും നടപടിയില്‍ ഡിജിപി കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു.
കേസിന്റെ അന്വേഷണ പുരോഗതി ആരോപണവിധേയനായ ഉദ്യോഗസ്ഥന് വിലയിരുത്തുന്നതിലെ അസ്വാഭാവികത ഒഴിവാക്കാനുള്ള ഡിജിപിയുടെ നീക്കമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. നിര്‍ദേശം അവഗണിച്ചതു സംബന്ധിച്ച് വിശദീകരണം തേടാൻ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് നിര്‍ദേശം നല്കി.
ക്രൈംബ്രാഞ്ച് ഭാര്യയുടെ മൊഴിയെടുത്തു
കോഴിക്കോട്: മാമി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ റംലയുടെ മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് റംലയുടെ വൈഎംസിഎ ക്രോസ് റോഡിലെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തത്. ഇന്നലെ രാവിലെ ഒമ്പതിനു തുടങ്ങിയ മൊഴിയെടുപ്പ് ഉച്ചകഴിഞ്ഞ് മൂന്നുവരെ തുടർന്നു. നേരത്തെ ലോക്കൽ പോലീസിനു നൽകിയ മൊഴി അടിസ്ഥാനമാക്കിയാണു വിവരങ്ങൾ ശേഖരിച്ചത്. നേരത്തെ ക്രൈംബ്രാഞ്ച് സംഘം മകൾ അദീബ നൈനയുടെ മൊഴിയെടുത്തിരുന്നു.