ഹേമ കമ്മിറ്റി: നിയമപരമായി സർക്കാർ മുന്നോട്ടുപോകുമെന്ന് എ.കെ. ബാലൻ
Wednesday, September 11, 2024 1:47 AM IST
പാലക്കാട്: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നു സിപിഎം നേതാവ് എ.കെ. ബാലൻ. പരാതികൾ പരിശോധിച്ചു നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
മൊഴിനൽകിയവർ പുറത്തുവിടരുത് എന്നുപറഞ്ഞിട്ടുണ്ട്. സ്വകാര്യത ഉറപ്പുവരുത്തണമെന്നു പരാതിക്കാർ ആവശ്യപ്പെട്ടു. ചിലരുടെ സ്ഥാനം പരാതിയുടെ ഭാഗമായി തെറിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടപെടലോടെ കൂടുതൽ നടപടികൾ സ്വീകരിക്കും.
അൻവർ ഉന്നയിച്ച ആരോപണത്തിൽ നടപടി സ്വീകരിച്ചുവരുന്നുണ്ട്. വി.ഡി. സതീശൻ 150 കോടി കൊണ്ടുവന്ന കാര്യം നേരത്തേ അൻവർ പറഞ്ഞിട്ടുണ്ട്. ഇതിൽ പ്രതിപക്ഷനേതാവ് അന്വേഷണം നേരിടുമോ എന്ന് എ.കെ. ബാലൻ ചോദിച്ചു. ആർഎസ്എസും ബിജെപിയുമായും ഒരു ബന്ധവും സിപിഎമ്മിന് ഇല്ല. ആ പണിക്കു നിൽക്കേണ്ട കാര്യമില്ല. ബിജെപിയുമായി ബന്ധമുള്ളത് ആർക്കാണെന്നു ചരിത്രം പരിശോധിക്കണം.
ചാണ്ടി ഉമ്മന്റെ അഭിഭാഷക പാനൽ നിയമനം ബിജെപിയിലേക്കു പോകാനുള്ള വഴിയാണോ എന്നറിയില്ലെന്നും അതിന്റെ ഔചിത്യം അവരാണു വ്യക്തമാക്കേണ്ടതെന്നും എ.കെ. ബാലൻ അഭിപ്രായപ്പെട്ടു.