ഓസ്ട്രേലിയയില്‍ മന്ത്രിയായി മലയാളി; ചരിത്രം രചിച്ച് ജിൻസൺ ആന്റോ ചാൾസ്
Wednesday, September 11, 2024 1:46 AM IST
കോട്ടയം: യുകെ പാര്‍ലമെന്റിലേക്ക് കൈപ്പുഴ സ്വദേശി സോജന് ജോസഫ്, കേംബ്രിഡ്ജ് മേയറായി ആര്‍പ്പൂക്കര സ്വദേശി ബൈജു തിട്ടാല, യുഎസ് ഹൂസ്റ്റണ്‍ മിസോറി സിറ്റി മേയറായി നീണ്ടൂര്‍ സ്വദേശി റോബിന് ഇലക്കാട്ട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മറ്റൊരു കോട്ടയംകാരന് മലയാളി കൂടി ചരിത്രം രചിക്കുന്നു.
പാലാ മൂന്നിലവ് പുന്നത്താനായില് ചാള്‍സ് ആന്റണി-റിട്ട. അധ്യാപിക ഡെയ്സി ചാള്‍സ് ദമ്പതികളുടെ മകനും ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രനുമായ ജിന്സണ് ആന്റോ ചാള്‍സ് ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജിന്സണ് നഴ്സിംഗ് പാസായി ഓസ്ട്രേലിയയില്‍ ജോലി ആരംഭിച്ചത്. അത്യാഹിത വിഭാഗത്തിലെ രജിസ്റ്റേര്‍ഡ് നഴ്സായിരുന്ന ജിന്സണ് പിന്നീട് എംബിഎ നേടി.
ഇപ്പോള്‍ നോര്‍ത്ത് ടെറിട്ടറി ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിന്റെ ഡയറക്ടറാണ് ജിന്സണ്. വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ജിന്സണ് സമയം കണ്ടെത്തി. ഈ മികവാണ് നോര്‍ത്തേണ്‍ ടെറിട്ടറിയുടെ മുഖ്യമന്ത്രി ലിയ ഫിനാഖിയാരോയുടെ ശ്രദ്ധയില്‍ ജിന്‍സണിനെ എത്തിച്ചത്.
ജിന്‍സണിന്റെ പിതാവ് ചാള്‍സ് ആന്റണി പൂഞ്ഞാര്‍ സഹകരണ ബാങ്ക് ജീവനക്കാരനും സഹകരണ മേഖലയിലെ സംഘടനകളുടെ ഭാരവാഹിയുമായിരുന്നു. അമ്മ ഡെയ്സി ചാള്‍സ് ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് എച്ച്എസ്എസില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ ജിന്‍സണിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെയാണ് ചാള്‍സും ഡെയ്സിയും ഓസ്ട്രേലിയയിലേക്കു പോയത്.
നഴ്സായ ജിന്‍സണിന്റെ ഭാര്യ അനുപ്രിയയും മെഡിക്കല്‍ വിഭാഗത്തിലാണു ജോലി ചെയ്യുന്നത്. എയ്മി, അന്ന എന്നീ രണ്ടു മക്കളുമുണ്ട്. ജിൻസന്റെ സഹോദരങ്ങള്‍ രണ്ടു പേരും ഡോക്ടര്‍മാരാണ്. അനിയന് ഡോ. ജിയോ ടോം ചാള്‍സ് ഡെന്റിസ്റ്റാണ്. പാലായില്‍ സ്വന്തമായി മള്‍ട്ടി സ്പെഷാലിറ്റി ഡെന്റല്‍ സെന്റര്‍ നടത്തുന്നു.
പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ കണ്‍സല്‍ട്ടന്റ് ഓര്ത്തോഡോന്റിസ്റ്റുമാണ്. സഹോദരി ഡോ. അനിറ്റ് കാതറിന് ചാള്‍സ് മാര്‍ സ്ലീവാ മെഡിസിറ്റി ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലാണ്. അനിറ്റിന്റെ ഭര്‍ത്താവ് ഡോ. സണ്ണി ജോണും മാര്‍ സ്ലീവായില്ത്തന്നെയാണ്. ഡോ. ജിയോയുടെ ഭാര്യ മായ ജിയോ തൃശൂര്‍ വിമല കോളജിലെ അസി. പ്രഫസറാണ്.