സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു
ജെവിന്‍ കോട്ടൂര്‍
Monday, September 9, 2024 3:51 AM IST
കോട്ടയം: കാലം മാറുംതോറും തട്ടിപ്പു കൂടുക മാത്രമല്ല പുതിയ സ്റ്റൈലുകള്‍ കടന്നുവരികയുമാണ്. ജീവിതം ഓണ്‍ലൈനില്‍ എത്തുകയും ലോകം കാഷ്ലെസാവുകയും ചെയ്തതോടെ പിടിച്ചുപറിക്ക് ഹൈടെക് രീതികളായി. വ്യക്തികളുടെ ബാങ്ക് നിക്ഷേപം നിമിഷനേരംകൊണ്ട് അപഹരിക്കാന്‍ നാട്ടിലും മറുനാട്ടിലും വിദേശത്തും സൈബര്‍ തട്ടിപ്പുകാര്‍ വട്ടമിടുന്നു.
ഏതൊക്ക രീതിയില്‍ പോലീസും അധികൃതരും ബോധവത്കരിച്ചിട്ടും സൈബര്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതേയുള്ളൂ. പ്രമോഷനുകളും ടാസ്കുകളും നല്‍കിയും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തും പാഴ്സലിന്റെ പേരിലും വെര്‍ച്വല്‍ അറസ്റ്റ് ഭീഷണിയിലും വിദേശ ജോലി വാഗ്ദാനം ചെയ്തും ഓണ്‍ലൈനില്‍ വാഹന വില്പന പരസ്യം നല്‍കിയും ഷെയര്‍ മാര്‍ക്കറ്റ് ട്രേഡിംഗിന്റെ പേരിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തുമൊക്കെ എത്രയിനം തട്ടിപ്പുകള്‍.
പിന്നില്‍ ഇതരസംസ്ഥാന സംഘം
മോഷണവും പിടിച്ചുപറിയും പോക്കറ്റടിയുമായിരുന്നു പഴയ കാലത്തെങ്കില്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം തട്ടിപ്പ് ഹൈടെക്കായി. പോലീസ്, കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, പോലീസ് തുടങ്ങി നിയമപാലകരെന്ന വ്യാജേന പണം തട്ടുന്ന സംഘങ്ങളുണ്ട്.
തട്ടിപ്പുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ പ്രധാനമായി വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചാണ്. രാജസ്ഥാന്, ഹരിയാന, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളിലാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തകാലത്തായി ബംഗളൂരു കേന്ദ്രീകരിച്ചും ഇവര്‍ക്ക് വേരോട്ടമുണ്ട്. പലരും സോഷ്യല്‍ മീഡിയ വഴിയാണ് വലവിരിക്കുന്നത്. ആഫ്രിക്കന്‍ പൗരന്മാര് ഉള്‍പ്പെടെ ഇന്ത്യയിലെത്തി സൈബര്‍ തട്ടിപ്പ് നടത്തുന്നു.
പഴങ്കഥയായി ഒടിപി തട്ടിപ്പ്
സൈബര്‍ തട്ടിപ്പുകളുടെ തുടക്കം ഒടിപി തട്ടിപ്പില്‍നിന്നും എടിഎം കാര്‍ഡിന്റെ പിന് നമ്പര്‍ കൈക്കലാക്കിയുമായിരുന്നു. പൊതുജനങ്ങള്‍ ബോധവാന്മാരായതോടെ തട്ടിപ്പുകാരും കളംമാറ്റി. പീന്നിടാണ് വിദേശത്ത് വന്‍തുക ലോട്ടറിയടിച്ചു, കാര്‍ സമ്മാനമായി ലഭിച്ചു തുടങ്ങി മെസേജ് അയച്ചുള്ള തട്ടിപ്പ് തുടങ്ങിയത്. തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെങ്കില്‍ ടാക്സ് ഇനത്തില്‍ നിശ്ചിത തുക നല്‍കണമെന്നു പറഞ്ഞുള്ള തട്ടിപ്പുകള്‍ തുടങ്ങിയത്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലുടെ വ്യാജ പ്രൊഫൈസുകള്‍ ഉണ്ടാക്കി പണം തട്ടിയ സംഭവങ്ങളുമുണ്ട്. വാട്സ് ആപ്പിലേക്കും ഫോണിലേക്കും മെസേജുകള്‍ അയച്ചു ഫോണിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തുന്ന തട്ടിപ്പുമുണ്ട്. ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തും കബളിപ്പിക്കല്‍ തുടരുന്നു.
പണം നല്‍കിയും തട്ടിപ്പ്
തട്ടിപ്പിന്റെ പുതിയ രീതി പോലീസ് വെളിപ്പെടുത്തുന്നതിങ്ങനെ:
ഒരു ദിവസം വൈകുന്നേരം സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു. നിശ്ചിത തുക ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പണം ഇട്ടത് ആരാണെന്ന് എത്ര ആലോചിച്ചിട്ടും അവര്‍ക്കു മനസിലായില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പരിചയമില്ലാത്ത നമ്പറില്‍നിന്നു കോള്‍ വന്നു. ഫോണ്‍ എടുത്തതോടെ അക്കൗണ്ട് നമ്പര്‍ മാറി നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ഇട്ടുവെന്നും അതു തിരികെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കണമെന്നുമായിരുന്നു സന്ദേശം.
ഇവര്‍ ഭര്‍ത്താവിനോടു വിവരം പറഞ്ഞു. പണം ഉടന്‍ തിരിച്ചു വേണമെന്ന് വിളിച്ചയാള്‍ ആവര്‍ത്തിച്ചു. ഒരു കാരണവശാലും പരിചയമില്ലാത്ത അക്കൗണ്ടിലേക്കു പണം തിരികെ ഇടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഫോണ്‍ കട്ട് ചെയ്തു. തുടര്‍ന്ന് നമ്പര്‍ ബ്ലോക്ക് ചെയ്തു.
കുറച്ചു സമയത്തിനുശേഷം മറ്റൊരു നമ്പറില്‍നിന്നു വിളിച്ച് അയാള്‍ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനാണന്നും ഒരാള്‍ നിങ്ങളുടെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചെന്നും ഉടന്‍ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടതോടെ ഇവര്‍ പോലീസുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് തട്ടിപ്പാണെന്നു സ്ഥരീകരിച്ചു.
കൊറിയറില്‍ മയക്കുമരുന്നും ആധാര്‍ കാര്‍ഡും
നിങ്ങള്‍ അയച്ച കൊറിയറിലോ നിങ്ങള്‍ക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാര്‍ കാര്‍ഡുകളും വ്യാജ പാസ്പോര്‍ട്ടും ഉണ്ടെന്ന് പറഞ്ഞായിരിക്കും തട്ടിപ്പുകാര്‍ ബന്ധപ്പെടുക.
വെബ്സൈറ്റില്‍ നിങ്ങള്‍ അശ്ലീലദൃശ്യങ്ങള്‍ തെരഞ്ഞു എന്നുപറഞ്ഞും തട്ടിപ്പുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ചായിരിക്കും വീഡിയോകോളില്‍ ഇവര്‍ പ്രത്യക്ഷപ്പെടുക. നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതു ഗുരുതര കുറ്റകൃത്യമാണെന്നും നിങ്ങള്‍ വെര്‍ച്വല്‍ അറസ്റ്റിലാണെന്നും ധരിപ്പിക്കും. പണം ആവശ്യപ്പെടും. അവര്‍ നല്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം ഓണ്‍ലൈനായി നിക്ഷേപിക്കുന്നതോടെ തട്ടിപ്പുകാരെ കാണാതാകും.
വെര്‍ച്വല്‍ അറസ്റ്റ് ഒന്നാന്തരം തട്ടിപ്പ്
വെര്‍ച്വല്‍ അറസ്റ്റ് എന്നു പറയുന്നത് തട്ടിപ്പാണെന്ന് പൊതുജനങ്ങള്‍ മനസിലാക്കണമെന്നാണ് പോലീസ് നിര്‍ദേശം. പോലീസ് ആരെയും വെര്‍ച്വല്‍ അറസ്റ്റ് ചെയ്യില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന ഏതൊരു അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാന്‍ കഴിയും. പോലീസിനു കൃത്യമായ നടപടിക്രമങ്ങളുണ്ട്.
ഓര്‍മയിലുണ്ടാവണം 1930
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഗോള്‍ഡന്‍ അവറായ ഒരുമണിക്കൂറിനകം വിവരം 1930ല്‍ സൈബര്‍ പോലീസിനെ അറിയിക്കണം. അല്ലെങ്കില്‍ www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്യണം. എത്രയും നേരത്തേ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാന്‍ സാധ്യത കൂടുതലുണ്ട്. പൊതുജനങ്ങളില്‍നിന്നു തട്ടിയെടുക്കുന്ന പണം സംഘം വളരെ പെട്ടെന്നുതന്നെ മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റും.
പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം അറിയിച്ചാല്‍ പോലീസിനു ബാങ്കുമായി ബന്ധപ്പെട്ട് ഫ്രീസ് ചെയ്യാന്‍ സാധിക്കും. പണം ഒരുപരിധിവരെ തിരിച്ചെടുക്കാനും സാധിക്കും. പരാതി നല്കാന് താമസിച്ചാൽ അന്വേഷിച്ച് എത്തുമ്പോഴേക്കും പണം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റിയിട്ടുണ്ടാകും.
വി.ആര്. ജഗദീഷ്എസ്എച്ച്ഒ, സൈബര്‍ സെല്‍, കോട്ടയം
ദിവസവും നിരവധി പരാതികളാണ് സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ടു വിവിധ ഭാഗങ്ങളില്‍നിന്നും ലഭിക്കുന്നത്. ഭൂരിഭാഗവും പണം നഷ്ടമായ കേസുകളാണ്. കഴിഞ്ഞ ഒരു വര്‍ഷം മുമ്പു വരെ ഒരു ജില്ലയില്‍ ഉണ്ടാകുന്ന സൈബര്‍ തട്ടിപ്പു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതു സൈബര്‍ സെല്‍ സ്റ്റേഷനുകളിലായിരുന്നു.
എന്നാല്‍ കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് ഇപ്പോള്‍ അതാതു പോലീസ് സ്റ്റേഷനുകളില്‍ തന്നെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. ജില്ലയിലെ ഓരോ സ്റ്റേഷനുകളില്‍നിന്നും ആവശ്യപ്പെടുന്നതുസരിച്ചു സൈബര്‍ സെല്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കുകയാണ് ചെയ്യുന്നത്.
< b>എ. ഷാഹുല്‍ ഹമീദ് കോട്ടയം ജില്ലാ പോലീസ് ചീഫ്
ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളിലും സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിലും ജാഗ്രത പാലിക്കണം. കബളിപ്പിക്കപ്പെട്ടാല്‍ ഒരു നിമിഷംപോലും വൈകാതെ ഒരു മണിക്കൂറിനുള്ളില്‍ കൃത്യമായ വിവരം 1930 എന്ന നമ്പറില്‍ പോലീസിനു കൈമാറണം. അല്ലെങ്കില്‍ www.cyber crime.gov.in എന്ന വെബ്സൈറ്റില്‍ പരതി നല്‍കണം. വൈകുംതോറും തട്ടിപ്പിന്റെ ഉറവിടം കണ്ടെത്താന്‍ ബുദ്ധിമുട്ടാകും. അതു പോലെ നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാനും സാധിക്കില്ല. സോഷ്യല്‍ മീഡിയകളില്‍ അപരിചിതരുടെ വീഡിയോ കോളുകള്‍ എടുക്കരുത്.
അപരിചിതര്‍ നല്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു സൈറ്റുകളില്‍ പ്രവേശിക്കരുത്. ഒരു കാരണവശാലും കെവൈസി, ഒടിപി വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്. സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് കൂടുതല്‍ ബോധവത്കരണം നടത്തിവരികയാണ്.