സിപിഐ ധൈര്യം കാട്ടണം: യുഡിഎഫ്
Monday, September 9, 2024 3:51 AM IST
തിരുവനന്തപുരം: സിപിഐയെ തകർക്കുന്നതിൽ ഗൂഢാലോചന നടത്തിയ എഡിജിപിയെ സസ്പെൻഡ് ചെയ്ത് തൃശൂർ പൂരം കലക്കിയതിൽ ഉൾപ്പെടെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന് പറയാനുള്ള മിനിമം ധൈര്യം സിപിഐ കാട്ടണമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. കെപിസിസി ആസ്ഥാനത്ത് മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐയെ തൃശൂരിൽ ഇരയാക്കിയതിനു കാരണക്കാരനായ എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. എൽഡിഎഫിലെ രണ്ടാമത്തെ കക്ഷിയായിട്ടു പോലും ശക്തമായ നിലപാട് സ്വീകരിക്കാൻ സിപിഐക്കു കഴിയുന്നില്ല.
ഇത്തരം അവഗണനയ്ക്കെതിരേ മുൻപു ശക്തമായി പ്രതികരിച്ച പാരന്പര്യമാണ് സിപിഐയുടേത്. സിപിഐയുടെ ഗതികേടാണ് പരിതാപകരം. സിപിഎം-ആർഎസ്എസ് ബന്ധത്തിന്റെ ഇരയാണ് സിപിഐ. എന്നിട്ടും ശക്തമായ നിലപാട് സ്വീകരിക്കാൻ അവർക്കാവുന്നില്ല. എഡിജിപിയുടെ ആർഎസ്എസ് കൂടിക്കാഴ്ച ആകാംക്ഷയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നും അതിന്റെ വിവരം വിശദീകരിക്കണമെന്ന ദുർബലമായ പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയത്.
സിപിഐയെ ഇത്രയും അപമാനിച്ച കാലമുണ്ടായിട്ടില്ല. എൽഡിഎഫിലെ തിരുത്തൽ കക്ഷിയെന്ന് അവകാശപ്പെട്ട സിപിഐ ഇപ്പോൾ കരച്ചിൽ കക്ഷിയായി. ആട്ടുംതുപ്പുമേറ്റ്, ആദർശങ്ങൾ പണയപ്പെടുത്തി വ്യക്തിത്വം നഷ്ടപ്പെട്ട പാർട്ടിയായി എൽഡിഎഫിൽ തുടരുന്ന സിപിഐയോടുള്ളത് സഹതാപമാണ്.
ഇടനാഴിയിൽ കിടന്ന് ആട്ടും തുപ്പുമേൽക്കാൻ സിപിഐക്ക് കഴിയില്ലെന്നാണ് മുൻപ് മുന്നണി വിടാൻ കാരണമായി ടി.വി. തോമസ് തന്റേടത്തോടെ പറഞ്ഞതെന്നും എം.എം. ഹസൻ ഓർമപ്പെടുത്തി.