ബൈക്ക് യാത്രികൻ ടാങ്കർലോറിക്കടിയിൽപ്പെട്ട് മരിച്ചു
Sunday, September 8, 2024 1:12 AM IST
കോട്ടയം: ബൈക്ക് കാറിലിടിച്ചു റോഡിൽ വീണ യുവാവിന് ടാങ്കർ ലോറിക്കടിയിൽപ്പെട്ട് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പാക്കിൽ ഉപ്പേലിൽത്തറ വീട്ടിൽ ജോൺസന്റെ മകൻ നിഖിൽ ജോൺസൺ (31) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെ നാട്ടകം മുളങ്കുഴയിലായിരുന്നു അപകടം.
കോട്ടയം ഭാഗത്തേക്കു വന്ന ബൈക്ക് ടാങ്കർ ലോറിയുടെ മുമ്പിൽ കാറിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേക്കു വീണ നിഖിലിന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. നാട്ടുകാർ വിവരം അറിയിച്ചതോടെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം നാളെ പാക്കിൽ സിഎസ്ഐ പള്ളി സെമിത്തേരിയിൽ. ഫ്ലിപ്പ് കാർട്ട് ജീവനക്കാരനാണ് നിഖിൽ. അമ്മ: ഷീബ ജോൺസൺ(റിട്ട.അധ്യാപിക), സഹോദരി: മെറിൻ.