മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്
Saturday, September 7, 2024 12:01 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധം ഇരന്പി.
മാഫിയ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസ് അന്വേഷണം സിബിഐക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
ഇന്നലെ രാവിലെ 11.30ന് പാളയം ആശാൻ സ്ക്വയറിൽ നിന്നുമാരംഭിച്ച പ്രതിഷേധ മാർച്ചിൽ നിരവധി കോണ്‍ഗ്രസ് പ്രവർത്തകർ അണിനിരന്നു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, എഐസിസി സെക്രട്ടറിമാരായ പി.വി.മോഹൻ, വി.കെ.അറിവഴകൻ, മൻസൂർ അലിഖാൻ, കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി എം.ലിജു തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
കെപിസിസി ഭാരവാഹികൾ,രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി അംഗങ്ങൾ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലംവരെയുള്ള മുഴുവൻ നേതാക്കളും പ്രവർത്തകരും പ്രതിഷേധമാർച്ചിൽ പങ്കാളികളായി.
സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പൊതുസമ്മേളനം എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉദ്ഘാടനം ചെയതു.
അഴിമതിയിൽ മുങ്ങിക്കുളിച്ച എൽഡിഎഫ് സർക്കാരിന്റെ അവസാനംകുറിക്കുന്ന മണിമുഴങ്ങിക്കഴിഞ്ഞെന്നും അതിനുള്ള തുടക്കമാണ് സെക്രട്ടേറിയറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചെന്നും ദീപദാസ് മുൻഷി പറഞ്ഞു.