ചൂരൽമല, മുണ്ടക്കൈ, വിലങ്ങാട് പുനരധിവാസം ; കെസിബിസി 100 വീട് നിർമിച്ചു നൽകും
Wednesday, August 14, 2024 2:03 AM IST
മാനന്തവാടി: വയനാട് പുഞ്ചിരിമട്ടം, കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ 100 കുടുംബങ്ങൾക്ക് കെസിബിസി വീട് നിർമിച്ചു നൽകും.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ മാനന്തവാടി പാസ്റ്ററൽ സെന്ററിൽ ചേർന്ന ബിഷപ്പുമാരുടെയും കാരിത്താസ് ഇന്ത്യ, സിആർഎസ്, വിവിധ രൂപതകളിലെ സാമൂഹ്യസേവന വിഭാഗം ഡയറക്ടർമാർ എന്നിവരുടെയും യോഗമാണ് പുനരധിവാസ പദ്ധതികൾക്ക് അന്തിമരൂപം നൽകിയത്.
സർക്കാർ ലഭ്യമാക്കുന്നതോ സഭ സംഭാവന ചെയ്യുന്നതോ വ്യക്തികൾ സ്വയം കണ്ടെത്തുന്നതോ ആയ സ്ഥലങ്ങളിലാണ് വീടുകൾ നിർമിക്കുക. മറ്റു ജില്ലകളിൽ താമസിക്കാൻ താത്പര്യപ്പെടുന്നവർക്ക് സൗകര്യമൊരുക്കും. സർക്കാർ അനുവാദം ലഭിക്കുന്ന മുറയ്ക്ക് ഭവനനിർമാണം ആരംഭിക്കും.
പുനരധിവസിപ്പിക്കപ്പെടുന്ന കടുംബങ്ങൾക്ക് വീട്ടുപകരണങ്ങൾ ലഭ്യമാക്കുക, കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുക, കുടുംബങ്ങൾക്ക് വരുമാനലഭ്യതയ്ക്ക് സംരംഭങ്ങൾ തുടങ്ങുക, കുടുംബങ്ങളെ സാമൂഹികസുരക്ഷാ പദ്ധതികളിൽ അംഗങ്ങളാക്കുക, വിദഗ്ധരെ ഉൾക്കൊള്ളിച്ച് കൗണ്സലിംഗ് ടീം രൂപീകരിച്ച് തുടർച്ചയായി മാനസിക പിന്തുണ നൽകുക, ഒറ്റപ്പെട്ട വ്യക്തികളെയും കുട്ടികളെയും സുരക്ഷിത ഇടം കണ്ടെത്തി സംരക്ഷിക്കുക എന്നിവ പദ്ധതിയിൽ ഉൾപ്പെടും.
ദുരന്തത്തിൽ വീടും വരുമാനമാർഗവും നഷ്ടപ്പെട്ട മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും 9,500 രൂപ വീതം അടിയന്തരസഹായം നൽകും. പുനരധിവാസ പദ്ധതികളുടെ നടത്തിപ്പിന് പ്രദേശത്തെ രൂപതാ നേതൃത്വം ഉൾക്കൊള്ളുന്ന സമിതികൾ രൂപീകരിക്കുമെന്നും കെസിബിസി നേതൃത്വം പറഞ്ഞു. ദുരന്തത്തിൽ നഷ്ടമായതും ഒഴിപ്പിക്കപ്പെടുന്നതുമായ സ്ഥലത്തിന് യുക്തമായ നഷ്ടപരിഹാരം കുടുംബങ്ങൾക്ക് സർക്കാർ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
യോഗത്തിൽ കെസിബിസി സെക്രട്ടറി ജനറൽ ബിഷപ് ഡോ. അലക്സ് വടക്കുംതല, സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ് ജോസഫ് മാർ തോമസ്, ജസ്റ്റീസ് ഫോർ പീസ് ആൻഡ് ഡെവലപ്മെന്റ് ചെയർമാൻ ബിഷപ് മാർ ജോസ് പുളിക്കൽ, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംബ്ലാനി, മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം, താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കരിത്താസ് ഇന്ത്യാ ഡയറക്ടർ ഫാ. ജോളി പുത്തൻപുര, സിആർഎസ് ഇന്ത്യ ഡയറക്ടർ ഡോ. സെന്തിൽകുമാർ എന്നിവർ പങ്കെടുത്തു.