ചാലിയാറില്‍ മൃതദേഹവും ശരീരഭാഗവും കണ്ടെത്തി; ഇന്ന് ജനകീയ തെരച്ചില്‍
Tuesday, August 13, 2024 2:22 AM IST
എടക്കര: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചിലില്‍ ഇന്നലെ ഒരു മൃതദേഹവും ശരീരഭാഗവും കണ്ടെത്തി. പോത്തുകല്‍ മുണ്ടേരി ഇരുട്ടുകുത്തി കടവിനു നൂറുമീറ്റര്‍ താഴെയായി ചാലിയാറിന്റെ തീരത്തുനിന്നാണു മൃതദേഹം കിട്ടിയത്.
ദുര്‍ഗന്ധത്തെത്തുടര്‍ന്ന് ആദിവാസികളും വനപാലകരും നടത്തിയ പരിശോധനയിലാണ് പുരുഷന്റേതെന്നു സംശയിക്കുന്ന, അരയ്ക്ക് മുകളിലുള്ള മൃതദേഹം കണ്ടെത്തിയത്. ഇതിനുപിന്നാലെ പനങ്കയം കടവിനു സമീപം കൊട്ടുപാറയിലും ശരീരഭാഗം കണ്ടെത്തി.
അതേസമയം, ഇന്നലെ രാവിലെ മുതല്‍ സംയുക്ത സേനകളുടെ നേതൃത്വത്തില്‍ ചാലിയാറില്‍ തെരച്ചില്‍ നടത്തി. പോലീസ്, അഗ്നി രക്ഷാ, വനം, ദേശീയദുരന്തനിവാരണ സേനകള്‍ സംയുക്തമായിട്ടായിരുന്നു തെരച്ചില്‍.
മുണ്ടേരി ഇരുട്ടുകത്തി കടവില്‍നിന്നു മുകളിലേക്ക് പരപ്പന്‍പാറ വരെ അറുപതു പേരടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തിയത്. രാവിലെ ഏഴിന് മുണ്ടേരി സംസ്ഥാന വിത്തുതോട്ടത്തില്നിന്നു പുറപ്പെട്ട സംഘം വൈകുന്നേരത്തോടെ തിരിച്ചെത്തി.
ഇന്ന് പോലീസ്, വനം, ഫയര്‍, എന്‍ഡിആര്‍എഫ് സേനകള്‍ക്കൊപ്പം മറ്റു സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി തെരച്ചില്‍ ജനകീയമാക്കി നടത്താനാണു തീരുമാനം. മുണ്ടേരി ഇരുട്ടുകുത്തി കടവ് മുതല്‍ മുകളിലേക്ക് പരപ്പന്‍പാറ വരെയും ഇരുട്ടുകുത്തി മുതല്‍ ചുങ്കത്തറ പൂക്കോട്ടുമണ്ണകടവ് വരെയുമാണ് ഇന്നു സംഘം തിരിഞ്ഞ് പരിശോധന നടത്തുക. വനഭാഗത്ത് സന്നദ്ധസംഘടനകളില്നിന്നു പരിചയസമ്പന്നരായ 15 പേര് വീതമുള്ള സംഘങ്ങളായിട്ടാണ് തെരച്ചില്‍ നടത്തുക.
ബാക്കിയുള്ളവര്‍ ചാലിയാറിന്റെ ഇരുകരകളിലുമായി പൂക്കോട്ടുമണ്ണകടവ് വരെയും തെരയും. ഉരുള്‍പൊട്ടലില്‍ കാണാതായര്ക്കുവേണ്ടി ചാലിയാര്‍ പുഴയില്‍ കഴിഞ്ഞ പതിനാല് ദിവസങ്ങളായി തുടരുന്ന തെരച്ചിലില്‍ ഇന്നലെവരെ 80 മൃതദേഹങ്ങളും 167 ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്.