സ്കൂളുകൾക്കു സമീപമുള്ള പ്രധാന പാതകളിൽ സീബ്ര ക്രോസിംഗ് സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ
Wednesday, July 24, 2024 2:50 AM IST
കണ്ണൂർ: സ്കൂളുകൾക്കു സമീപമുള്ള പ്രധാന റോഡുകളിൽ സീബ്ര ക്രോസിംഗ് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
തളിപ്പറമ്പ്-ആലക്കോട് റോഡിലെ പൂവത്ത് സ്കൂളിനു സമീപം 2024 ജനുവരി 24നു മദർ സുപ്പീരിയർ സിസ്റ്റർ സൗമ്യ ബസിടിച്ച് മരിക്കാനിടയായത് റോഡിൽ സീബ്ര ക്രോസിംഗ് ഇല്ലാതിരുന്നതിനാലാണെന്നു മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തി.
പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവമാണ് ഒരു ജീവൻ പൊലിയാൻ ഇടയാക്കിയതെന്നും കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
അശ്രദ്ധമായി ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനമോടിച്ച് അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദേശം നൽകി.
പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തിൽ ഇത്തരക്കാർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോടും ആർടിഒയോടും നിർദേശിച്ചു.