സിദ്ധാര്‍ഥന്റെ മരണം: കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം
Thursday, May 23, 2024 2:39 AM IST
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ലോക്കല്‍ പോലീസിന്റെയും സിബിഐയുടെയും കേസ് ഡയറി ഹാജരാക്കണമെന്നു നിര്‍ദേശിച്ച ജസ്റ്റീസ് സി.എസ്. ഡയസ് ഹര്‍ജി വീണ്ടും 27ന് പരിഗണിക്കാന്‍ മാറ്റി.
പ്രതികളായ കെ. അഖില്‍, ആര്.എസ്. കാശിനാഥന്, യു.അമീന് അക്ബറലി, കെ.അരുണ്‍, സിഞ്ചോ ജോണ്സണ്, എന്‍.ആസിഫ് ഖാന്, എ. അമല്‍ ഇഹ്സാന്‍, ജെ.അജയ്, എ.അല്‍ത്താഫ്, ഇ.കെ. സൗദ് റിസാല്‍, വി. ആദിത്യന്, മുഹമ്മദ് ധനീഷ്, റെഹാന് ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക് , ആര്.ഡി. ശ്രീഹരി, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ് എന്നിവരുടെ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തില്‍ കസ്റ്റഡി തുടര്‍ന്ന് ആവശ്യമില്ലെന്നും അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരാണു സാക്ഷികളെന്നും അവരെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. പ്രതികളുടെ ജാമ്യത്തെ എതിര്‍ത്തു കക്ഷിചേര്‍ന്ന സിദ്ധാര്‍ഥിന്റെ അമ്മ എം.ആര്. ഷീബയുടെ ഹര്‍ജിയും കോടതി പരിഗണിച്ചു.