യൂക്കാലി നടാന്‍ അനുമതി;വിവാദ ഉത്തരവ് റദ്ദാക്കി; പുതിയ ഉത്തരവിറങ്ങി
Wednesday, May 22, 2024 1:34 AM IST
തിരുവനന്തപുരം: വനം വികസന കോര്‍പ്പറേഷനു യൂക്കാലി മരങ്ങള്‍ നടാമെന്ന വിവാദ ഉത്തരവ് റദ്ദാക്കിയ വനം വകുപ്പ് പുതിയ ഉത്തരവിറക്കി. ഈ മാസം ഏഴിന് ഇറങ്ങിയ ഉത്തരവില്‍ പറഞ്ഞ യൂക്കാലി മരംനടീല്‍ അനുമതി പരാമര്‍ശങ്ങള്‍ നീക്കി. മരങ്ങള്‍ മുറിക്കാന്‍ മാത്രമുള്ള അനുമതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
കെഎഫ്ഡിസി വനത്തില്‍ യൂക്കാലി മരങ്ങള്‍ നടാന്‍ അനുമതി വാങ്ങിയതിനെതിരേ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തിന്റെ വനം നയത്തിന് വിപരീതമായ തീരുമാനമെന്ന ആക്ഷേപം വ്യാപകമായ പശ്ചാത്തലത്തിലാണ് ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവിറക്കിയത്.
വനം വികസന കോര്പ്പറേഷന് എംഡിയുടെ ആവര്‍ത്തിച്ചുള്ള ആവശ്യപ്രകാരമാണ് മരം നടാന്‍ അനുമതി നല്‍കിയതെന്നു വനം അഡി. ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി കെഎഫ്ഡിസി എംഡി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നേരിട്ടു കത്തെഴുതുകയും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്നുമാണ് കഴിഞ്ഞ ദിവസം സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇക്കാര്യത്തില്‍ എംഡിയോട് വിശദീകരണം തേടാന്‍ മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍ദേശിച്ചു.