മയക്കുമരുന്നുകേസിൽ കുടുക്കിയ സംഭവം: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Saturday, April 13, 2024 1:21 AM IST
തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജതെളിവുകള്‍ ഉപയോഗിച്ചു മയക്കുമരുന്നുകേസിൽ കുടുക്കിയ പ്രതിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി.
തൃപ്പൂണിത്തുറ ഏരൂര്‍ നാരായണീയം വീട്ടില്‍ ടി.എം.എന്‍. നാരായണദാസിന്റെ അപേക്ഷയാണു ജില്ലാ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി തള്ളിയത്. ഷീല സണ്ണിയുടെ ബാഗിലും സ്കൂട്ടറിലുമായി മാരകമയക്കുമരുന്നായ 12 എൽഎസ്ഡി സ്റ്റാന്പ് ഒളിപ്പിച്ചുവച്ച പ്രതി വിവരം എക്സൈസ് ഇൻസ്പെക്ടറെ രഹസ്യമായി അറിയിക്കുകയായിരുന്നു.
പരിശോധനയെ തുടർന്നു ഷീലയെ അറസ്റ്റ് ചെയ്തു. തുടർന്ന് 72 ദിവസം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. പിന്നീട് ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണു ഷീലയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസ് തെറ്റായ വിവരം നല്‍കുകയായിരുന്നുവെന്നു തെളിഞ്ഞത്.