കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരില്‍ കുടിയേറ്റ അനുസ്മരണ സമ്മേളനം
Tuesday, March 5, 2024 1:05 AM IST
കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ മുഖ്യപങ്കാളിത്തത്തോടെ ഏഴിനു ഉച്ചകഴിഞ്ഞ് 2.30നു കൊടുങ്ങല്ലൂരില്‍ കുടിയേറ്റ അനുസ്മരണ സമ്മേളനവും ക്നായി തോമാദിനാചരണവും സംഘടിപ്പിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.
കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിക്കും. ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും.
കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് മദര്‍ ജനറാള്‍ സിസ്റ്റര്‍ കരുണ എസ്വിഎം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെസിഡബ്ല്യുഎ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെസിവൈഎല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ക്നാനായക്കാര്‍ എഡി 1524ല്‍ കൊടുങ്ങല്ലൂരില്‍നിന്നു പൂര്‍ണമായി വിട്ടുപോന്നിട്ട് 2024ല്‍ 500 വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലം കൂടി പരിഗണിച്ചാണു വിപുലമായ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു.