നവകേരള സദസിന് നഗരസഭാ ഫണ്ട്: ഉത്തരവിനു സ്റ്റേ
Saturday, December 2, 2023 2:02 AM IST
കൊച്ചി: നവകേരള സദസിനു നഗരസഭാ ഫണ്ടില്‍നിന്നു പണം ചെലവിടാന്‍ സെക്രട്ടറിക്ക് അനുമതി നല്കുന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
നഗരസഭാ കൗണ്‍സില്‍ നിയമപരമായി തീരുമാനമെടുത്താല്‍ മാത്രമേ നവകേരള സദസിന് നഗരസഭ ഫണ്ടില്‍നിന്ന് സംഭാവന നല്‍കാനാവൂ എന്നും ജസ്റ്റീസ് ബച്ചു കുര്യന് തോമസ് വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശം ചോദ്യംചെയ്ത് പറവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ശശിധരന് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ഈ ഹര്‍ജി തീര്പ്പാകുംവരെയാണു സ്റ്റേ.
നഗരസഭയുടെ പരിപാടികള്ക്കുവേണ്ടിയുള്ളതാണു തനതു ഫണ്ടുകള്‍. നഗരസഭകളുടേതല്ലാത്ത പരിപാടികള്‍ക്ക് ഈ പണം ചെലവിടാന്‍ നഗരസഭകളോടു നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു മുനിസിപ്പാലിറ്റി ആക്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.
നവകേരള സദസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27നു പുറപ്പെടുവിച്ച ഉത്തരവിലാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് ചെലവിടാന്‍ തദ്ദേശ ഭരണ വകുപ്പ് അനുമതി നല്‍കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
അതേസമയം, നിര്‍ബന്ധപൂര്‍വമുള്ള ഉത്തരവല്ലെന്നും സ്വന്തം ഫണ്ടില്‍നിന്നു പണം ചെലവാക്കാന്‍ നഗരസഭകള്‍ക്ക് അനുമതി നല്കുകയാണു ചെയ്തതെന്നും അഡീ. ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.
കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം ഉത്തരവ് നല്കാന് സര്‍ക്കാരിന് അധികാരമുണ്ട്. ഹർജി ദുരുദ്ദേശ്യപരമാണെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ആരോപിച്ചു. എന്നാല്‍, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് സര്‍ക്കാരിനുവേണ്ടി ചെലവാക്കണമെന്ന് ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.