അവയൊക്കെ കേന്ദ്രസർക്കാർ തള്ളിക്കളയുന്ന സ്ഥിതിയുമുണ്ടായി. കർഷക കൂട്ടായ്മകളുമായി ചർച്ച ചെയ്തു പ്രോജക്ടുകൾ തയാറാക്കണമെന്ന കമ്മീഷന്റെ നിർദേശം അവഗണിച്ച് ഉദ്യോഗസ്ഥർ സ്വന്തം താത്പര്യങ്ങൾ മുൻനിർത്തി ജോലികൾ കരാർ കൊടുത്തു.
കടൽനിരപ്പിനു താഴെ കൃഷിചെയ്യുന്ന ഇടമെന്ന കുട്ടനാടിന്റെ തനതു വ്യവസ്ഥ നിലനിർത്തി കർഷകർക്കു സുസ്ഥിര വരുമാനം ഉറപ്പാക്കണമെന്നാണ് സ്വാമിനാഥൻ താത്പര്യപ്പെട്ടത്. റിപ്പോർട്ടിൽ ഊന്നൽ കൊടുത്തതു പരിസ്ഥിതി പുനഃസ്ഥാപനത്തിനും പ്രളയനിയന്ത്രണത്തിനുമാണ്.
പാക്കേജ് ശരിയായി നടപ്പാക്കിയിരുന്നെങ്കിൽ കുട്ടനാടിന്റെ പാരിസ്ഥിതിക, സാന്പത്തിക സുരക്ഷ വളരെ ശക്തമാകുമായിരുന്നു എന്നാണ് സ്വാമിനാഥൻ പിന്നീട് അഭിപ്രായപ്പെട്ടത്. ബൃഹത്തായ ഒരു ദൗത്യം നയിക്കാൻ കഴിവും സമർപ്പണബുദ്ധിയുമുള്ള ഒരുദ്യോഗസ്ഥനെ ആവശ്യത്തിന് അധികാരവും നൽകി നിയോഗിച്ചിരുന്നില്ല. ഈ നാഥനില്ലായ്മതന്നെയാണു പരാജയത്തിനു കാരണമായത്. എല്ലാ സർക്കാർ വകുപ്പുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കാനുള്ള അധികാരം ഈ ഉദ്യോഗസ്ഥനുണ്ടാകണമെന്നും നിഷ്കർഷിച്ചിരുന്നു.
കുട്ടനാട് പാക്കേജിന്റെ സമഗ്ര നടത്തിപ്പ് സാധ്യമായിരുന്നെങ്കിൽ സുസ്ഥിരകൃഷിക്കു മകുടോദാഹരണമായി അതു മാറുമായിരുന്നു. ആഗോള കാലാവസ്ഥാ വ്യതിയാന സാധ്യതകൾ മുൻകൂട്ടി കണ്ടുതന്നെയാണ് പാക്കേജ് തയാറാക്കിയത്.
നടപ്പാക്കലിലാണ് പിഴച്ചത്. സർക്കാർ വകുപ്പുകൾ ഒത്തൊരുമയോടെയും കർഷകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയും ആശയങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നിൽ വീഴ്ച സംഭവിച്ചു.