പി.കെ. ഷാജന്റെ ഭാര്യയുടെ നിയമനത്തിൽ ക്രമക്കേടെന്ന് അനിൽ അക്കരയുടെ എഫ്ബി പോസ്റ്റ്
Friday, September 29, 2023 3:07 AM IST
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പാർട്ടി അന്വേഷണ കമ്മീഷൻ അംഗം പി.കെ. ഷാജന്റെ ഭാര്യയുടെ അയ്യന്തോൾ സഹകരണ ബാങ്ക് നിയമന ക്രമക്കേട് ചൂണ്ടിക്കാട്ടി മുൻ എംഎൽഎ അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും കൗൺസിലറുമായ ഷാജന്റെ ഭാര്യക്ക് അനധികൃതമായി ജോലിക്കയറ്റം നല്കിയതു സർക്കാർ ക്രമപ്പെടുത്തിയെന്നാണ് അനിൽ അക്കര പറയുന്നത്. ഇതു കരുവന്നൂർ തട്ടിപ്പുകേസ് മറച്ചുവച്ചതിനു പി.കെ. ഷാജനു പാർട്ടി നല്കിയ “ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ”യാണെന്ന് അനിൽ അക്കര കളിയാക്കുന്നു.
ബാങ്കിൽ ഓഫീസ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച ഇവരുടെ സർട്ടിഫിക്കറ്റിൽ അന്നേ ചില പോരായ്മകൾ ഉണ്ടായിരുന്നു. എന്നാൽ, ഇവർക്ക് ജൂണിൽ ജൂണിയർ ക്ലാർക്കായും പിന്നീട് സീനിയർ ക്ലാർക്കായും ജോലിക്കയറ്റം നൽകി.
സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം ഇതിനെ എതിർത്ത് പ്രമോഷൻ റദ്ദാക്കി കൂടുതൽ വാങ്ങിയ ശമ്പളം തിരികെ പിടിക്കാനും ഉത്തരവിട്ടു. ഇതിനെതിരേ ബാങ്ക് സർക്കാരിനെ സമീപിച്ച് അനുകൂല ഉത്തരവ് സാമ്പാദിക്കുകയായിരുന്നു. പി.കെ. ഷാജൻ കരുവന്നൂരിലെ പാർട്ടി കമ്മീഷൻ അംഗമായശേഷമാണു ഭാര്യയുടെ നിയമനം സർക്കാർ ക്രമപ്പെടുത്തിയതെന്നാണ് അനിലിന്റെ ആരോപണം.
സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു കാണിച്ച് നിരവധി രേഖകളും പരാതികളും പാർട്ടിക്കാർതന്നെ ഉയർത്തിയെന്നു പറയുന്നു. അവരെയാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒറ്റുകാരെന്നു വിശേഷിപ്പിച്ചതെന്നും പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്.
2022 ഒാഗസ്റ്റ് 17നു കേരളപ്പിറവി ദിനത്തിൽ സർക്കാർ പരസ്യപ്പെടുത്തിയ അസാധാരണ ഗസറ്റിൽ ഈ വിവരങ്ങൾ ഉണ്ടെന്നു പറഞ്ഞ് അസാധാരണ ഗസറ്റും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.