അട്ടപ്പാടി മധു വധക്കേസ്: സ്പെഷല്‍ പ്രോസിക്യൂട്ടർ കെ.പി. സതീശൻ രാജിവച്ചു
Thursday, September 28, 2023 6:51 AM IST
കൊച്ചി: അട്ടപ്പാടി മധു വധക്കേസിന്റെ അപ്പീലില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ച സീനിയര്‍ അഭിഭാഷകന് കെ.പി. സതീശന് തത്സ്ഥാനം രാജിവച്ചു. ഇന്നലെ അപ്പീല്‍ പരിഗണിക്കുന്ന ഡിവിഷന് ബെഞ്ചില്‍ വിഷയം പ്രത്യേകം പരാമര്‍ശിച്ചാണു താന്‍ സ്ഥാനമൊഴിയുകയാണെന്ന് കെ.പി. സതീശന് വ്യക്തമാക്കിയത്.
അഡീ ഷ ണൽ പ്രോസിക്യൂട്ടറായി പി.വി. ജീവേഷിനെ നിയമിച്ചിട്ടുള്ളതിനാല്‍ അപ്പീലില്‍ വാദം തുടങ്ങാമെന്ന് കോടതിയും വ്യക്തമാക്കി. മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെട്ട അഭിഭാഷകനാണ് അദ്ദേഹമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് ഡിവിഷന് ബെഞ്ച് അപ്പീല്‍ ഒക്ടോബര്‍ ആറിനു പരിഗണിക്കാനായി മാറ്റി. കെ.പി. സതീശനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരേ മല്ലി നേരത്തേ ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയിരുന്നു.
""കേസ് നടത്തിപ്പിൽ വീഴ്ചയുണ്ടായി''
കേസ് ഫലപ്രദമായി നടത്തിയിരുന്നെങ്കില്‍ അഞ്ചു പ്രതികള്‍ക്കെങ്കിലും ജീവപര്യന്തം ശിക്ഷ ലഭിക്കുമായിരുന്നുവെന്ന് രാജിവച്ചശേഷം മാധ്യമങ്ങളെ കണ്ട കെ.പി. സതീശന് പറഞ്ഞു. മധുവിന് പൂര്‍ണമായും നീതി ലഭിച്ചില്ലെന്ന് കേസ് ഫയലിൽനിന്നു വ്യക്തമായി.
സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം ഏറ്റെടുത്തത് മല്ലിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന് എസ്. ശ്രീകുമാറും സര്‍ക്കാരും ആവശ്യപ്പെട്ടതനുസരിച്ചാണ്. ഇത്തരമൊരു വിവാദം പ്രതീക്ഷിച്ചില്ല. അതിനാലാണു പിന്‍വാങ്ങുന്നത്. സിബിഐയുടെ അഭിഭാഷകനാണ് താന്‍. മധു വധക്കേസിന്റെ സമരസമിതിയിലെ ചിലര്‍ വാളയാര്‍ കേസിലെ സമരസമിതിയിലുമുണ്ട്.
വാളയാർ കേസിൽ പ്രോസിക്യൂട്ടർ നിയമനം ഉടൻ
വാളയാര്‍ കേസില്‍ സിബിഐയുടെ പ്രോസിക്യൂട്ടറായി കുട്ടികളുടെ അമ്മ പറയുന്ന ആളെ വയ്ക്കണമെന്ന ആവശ്യം ഞങ്ങള്‍ അനുവദിച്ചില്ല.
തൃശൂരിലുള്ള ഒരു വക്കീലിനെയാണ് ശിപാര്‍ശ ചെയ്തത്. ഉടന്‍ നിയമനമുണ്ടാകും. കേസില്‍ നാലുപേരെ സിബിഐ സംശയിക്കുന്നുണ്ട്. ഇവരെ പോളിഗ്രാഫ് ടെസ്റ്റിനു വിധേയരാക്കണമെന്ന ആവശ്യത്തെ പരാതിക്കാരി എതിര്‍ത്തു. പരാതിക്കാരിക്കുവേണ്ടി ഹാജരായത് മധുവിന്റെ അമ്മ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ടവരില് ഒരാളാണ്. നിജസ്ഥിതി കണ്ടെത്താന്‍ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട് - കെ.പി. സതീശന് പറഞ്ഞു.