കര്‍ണാടക ബാങ്ക് ശാഖകളിലേക്ക് നാളെ വ്യാപാരി മാര്‍ച്ച്
Thursday, September 28, 2023 6:15 AM IST
കോഴിക്കോട്: ബാങ്കധികൃതരുടെ പീഡനം കാരണം കോട്ടയത്ത് ബിനു എന്ന വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക ബാങ്കിന്റെ മുഴുവന്‍ ശാഖകളിലേക്കും 29നു വ്യാപാരികള്‍ മാര്‍ച്ച് നടത്തും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണു സമരം.
ബിനുവിനുണ്ടായ അനുഭവം ഇനി ഒരാള്‍ക്കും ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. ബിനുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരമായി 25 ലക്ഷം രൂപ മാതൃകപരമായി ബാങ്കില്‍നിന്നു സര്‍ക്കാര്‍ ഈടാക്കി നല്‍കണം. മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഈ ക്രൂര കൃത്യത്തിന് ഉത്തരവാദികളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമപരമല്ലാത്ത മാര്‍ഗങ്ങളിലൂടെ വ്യാപാരികളിൽനിന്നു വായ്പാ കുടിശിക പിരിക്കാന്‍ ഇറങ്ങിയാല്‍ ശക്തമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.