മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
Tuesday, September 26, 2023 6:57 AM IST
തൃശൂർ: എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരേ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ ഒക്ടോബർ പത്തു മുതൽ 15 വരെ പഞ്ചായത്തുകൾതോറും പദയാത്രയും 18ന് സെക്രട്ടേറിയറ്റ് ഉപരോധവും സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ.
പഞ്ചായത്തുകളിൽ മണ്ഡലം അടിസ്ഥാനത്തിൽ രണ്ടുദിവസമാണു പദയാത്ര. ഇതിനു നേതൃത്വം നല്കുന്ന എല്ലാ കക്ഷികളിലുംപെട്ട തെരഞ്ഞെടുക്കപ്പെട്ട 12 വോളണ്ടിയർമാർ ഉൾപ്പടെയുള്ളവർ 18നു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ഉപരോധിക്കും. 50,000 യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ജനവിധിയുടെ പശ്ചാത്തലത്തിൽ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമിക ഉത്തരവാദിത്വം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഉന്നയിച്ച പ്രശ്നങ്ങളാണു ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട സർക്കാരിനെതിരേയുള്ള സമരത്തിലും ഉന്നയിക്കുക.
ഈ സമരം ആസൂത്രണം ചെയ്തുകഴിഞ്ഞപ്പോഴാണു സർക്കാരിന്റെ ജനസന്പർക്ക പരിപാടിയായ ജനസദസും എംഎൽമാരുടെ കേരളീയം സന്ദർശനവും പ്രപഖ്യാപിച്ചത്. കേരളീയം എന്താണെന്നു പ്രതിപക്ഷത്തോട് ആലോചിക്കാതെയാണ് യുഡിഎഫ് എംഎൽഎമാരും പങ്കെടുക്കുമെന്ന് പറഞ്ഞത്. എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണ പരിപാടിയായ കേരളീയത്തിൽ പങ്കെടുക്കില്ല.
നെൽക്കർഷകർക്കു പണം കിട്ടാനുണ്ട്. ഉച്ചഭക്ഷണം കൊടുത്ത ഹെഡ്മാസ്റ്റർമാർക്കു പണം കിട്ടിയിട്ടില്ല, കാരുണ്യ ചികിത്സാ സഹായം ലഭിക്കുന്നില്ല, സാമൂഹ്യ പെൻഷൻ പലർക്കും ഇപ്പോഴും നിഷേധിക്കുന്നു. എല്ലാ ജനവിഭാഗങ്ങളുടെയും ജീവൽപ്രശ്നങ്ങൾ പരിഹരിക്കപ്പെടാതിരിക്കുന്പോൾ ജനസദസിൽ യുഡിഎഫ് എംഎൽഎമാർ സമൂഹത്തോട് എന്താണു പറയുക. എൽഡിഎഫ് സർക്കാരിന്റെ ജനസദസ് പരിപാടി പരിഹാസ്യമാണെന്നും എം.എം. ഹസൻ പറഞ്ഞു.
പത്രസമ്മേളനത്തിൽ യുഡിഎഫ് ജില്ലാ കൺവീനർ എം.പി. വിൻസെന്റ്, കെപിസിസി സെക്രട്ടറി അനിൽ അക്കര എന്നിവരും പങ്കെടുത്തു.