രണ്ടു ബില്ലുകളിൽ ഗവർണർ ഒപ്പുവച്ചു
Wednesday, September 20, 2023 12:58 AM IST
തിരുവനന്തപുരം: നിയമസഭ പാസാക്കി സമർപ്പിച്ച രണ്ടു ബില്ലുകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി.
സംസ്ഥാനത്തു മൂന്നു ചരക്കു സേവന നികുതി ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള നികുതി നിയമ ഭേദഗതി ബില്ലും ആശുപത്രികൾക്കും ആശുപത്രി ജീവനക്കാർക്കും സംരക്ഷണം നൽകുന്ന ബില്ലുമാണു ഗവർണർ അംഗീകരിച്ചത്. ഇതോടെ ഇവ നിയമമാക്കാനായി വിജ്ഞാപനം ചെയ്യാനാകും.
ജിഎസ്ടി സംബന്ധിച്ച പരാതികളിൽ അപ്പീൽ കേൾക്കുന്നതിന് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള ബില്ലിലാണ് ഒപ്പിട്ടത്. ഒാരോ ട്രൈബ്യൂണലിലും ഒരു ജുഡീഷൽ അംഗവും ടെക്നിക്കൽ അംഗവുമുണ്ടാകും.
ആശുപത്രികൾക്കും ഡോക്ടർമാർ, നഴ്സുമാർ, ഓഫിസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ, മെഡിക്കൽ നഴ്സിംഗ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും എതിരേയുള്ള ആക്രമണം തടയുന്നതിനുള്ള ബില്ലിന് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സാഹചര്യത്തിൽ കർശന വ്യവസ്ഥകളോടെ നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കിയിരുന്നു. ഇതിനു പകരമുള്ള ബിൽ ആണ് നിയമസഭ പാസാക്കിയത്.
അക്രമം നടത്തുകയോ നടത്താൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറു മാസം മുതൽ അഞ്ചു വർഷംവരെ തടവും 50,000 മുതൽ രണ്ടു ലക്ഷം രൂപവരെ പിഴയും ലഭിക്കും. കഠിനമായി ദേഹോപദ്രവം ഏൽപ്പിച്ചാൽ ഒരു വർഷം മുതൽ ഏഴു വർഷംവരെ തടവും ഒന്നു മുതൽ അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കും.
പത്തിലേറെ പഴയ ബില്ലുകൾ ഗവർണറുടെ അനുമതിക്കായി രാജ്ഭവന്റെ പരിഗണനയിലുണ്ട്.