പ്രതിഷേധം കടുപ്പിക്കാൻ എ ഗ്രൂപ്പ്; ഉമ്മൻ ചാണ്ടിയെ കണ്ട് നേതാക്കൾ
Thursday, June 8, 2023 2:42 AM IST
തിരുവനന്തപുരം: കോണ്ഗ്രസിലെ ബ്ലോക്ക് പുനഃസംഘടനയിൽ ഇടഞ്ഞു നിൽക്കുന്ന എ ഗ്രൂപ്പ് പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുന്നു. ഐ ഗ്രൂപ്പുമായി ചേർന്ന് യോജിച്ചു നീങ്ങാനാണ് അവർ തയാറെടുക്കുന്നത്.
എ ഗ്രൂപ്പ് നേതാക്കളായ എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബഹനാൻ എന്നിവർ ഇന്നലെ ബംഗളൂരുവിൽ പോയി ഉമ്മൻ ചാണ്ടിയെ കണ്ടു കാര്യങ്ങൾ ബോധിപ്പിച്ചു. വേണ്ടി വന്നാൽ ഹൈക്കമാൻഡിനെ സമീപിക്കാനും മടിക്കില്ല. പുനഃസംഘടനയിൽ ആർക്കും പരാതിയില്ലെന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റെ പ്രസ്താവനയ്ക്കു മറുപടിയായി പരാതിയുണ്ടെന്നു രമേശ് ചെന്നിത്തല ഡൽഹിയിൽ മാധ്യങ്ങളോടു പറഞ്ഞിരുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടും രമേശ് പരാതി പറഞ്ഞതായാണ് സൂചന. ഖാർഗെയുമായി രമേശ് കൂടിക്കാഴ്ച നടത്തിയത് മഹാരാഷ്ട്ര കോണ്ഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരുന്നു.
ബ്ലോക്ക് പുനഃസംഘടനയുടെ വിഷയത്തിൽ ഇനി ഒരു പുനരാലോചനയുമില്ലെന്ന നിലപാടിലാണ് സംസ്ഥാന കോണ്ഗ്രസ് നേതൃത്വം. പതിനൊന്നു വർഷത്തിനു ശേഷം പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കാൻ സാധിച്ചതു തന്നെ നേട്ടമെന്ന വിലയിരുത്തലിലാണ് അവർ. എഐസിസി മാനദണ്ഡം പാലിച്ചില്ലെന്നും മറ്റുമുള്ള ചില ആക്ഷേപങ്ങളുണ്ടെങ്കിലും പുതിയ പട്ടികയേക്കുറിച്ച് കാര്യമായ ആക്ഷേപമില്ല എന്നത് വസ്തുതയാണ്.
തങ്ങൾ അവഗണിക്കപ്പെടുന്നു എന്ന ചിന്തയാണ് എ ഗ്രൂപ്പ് നേതൃത്വത്തിനുള്ളത്. കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി കാര്യങ്ങൾ നടത്തുന്നു എന്നും അവർ പറയുന്നു. വരാനിരിക്കുന്ന മണ്ഡലം പുനഃസംഘടനയിലും ഡിസിസി പുനഃസംഘടനയിലും തങ്ങളുടെ പങ്കു നേടിയെടുക്കാനുള്ള സമ്മർദതന്ത്രമായും ഗ്രൂപ്പുകളുടെ പ്രതിഷേധം വിലയിരുത്തപ്പെടുന്നുണ്ട്.
എ-ഐ ഗ്രൂപ്പുകൾ പ്രതിഷേധിച്ചു നിന്നാൽ മണ്ഡലം പുനഃസംഘടന എളുപ്പമാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് മണ്ഡലം തലത്തിൽ കൂടിയെങ്കിലും പുതിയ ഭാരവാഹികൾ വന്നാൽ മാത്രമേ തെരഞ്ഞെടുപ്പു പ്രവർത്തനം കാര്യക്ഷമമായി നടത്താൻ സാധിക്കുകയുള്ളു. പല എംപിമാരും പുനഃസംഘടനയിൽ അതൃപ്തരാണ്. ബ്ലോക്ക് പുന:സംഘടന അടഞ്ഞ അധ്യായം എന്നു പറയുന്പോഴും ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ അവഗണിച്ചു മുന്നോട്ടു പോകാൻ നേതൃത്വത്തിനും എളുപ്പമാകില്ല.
ഉമ്മൻ ചാണ്ടി കളത്തിൽ നിന്നു മാറിയതോടെ എ ഗ്രൂപ്പ് പലതായി ചിതറിപ്പോയി എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പിലെ പല പ്രമുഖരും ഇപ്പോഴത്തെ നേതൃത്വവുമായി നല്ല ബന്ധമാണു പുലർത്തുന്നത്. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് ശക്തമാക്കിയില്ലെങ്കിൽ സംഘടനയിലുള്ള പിടി അപ്പാടെ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയും അവർക്കുണ്ട്. ഏതായാലും എ-ഐ ഗ്രൂപ്പുകൾ ഒരുമിച്ച് സംഘടനാ നേതൃത്വത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ സാധ്യതയുണ്ട്.