കൊട്ടിയൂരിലേക്കുള്ള ഇളനീർ സംഘത്തിലെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
Monday, June 5, 2023 12:59 AM IST
മട്ടന്നൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇളനീരുമായി പോകുകയായിരുന്ന സംഘത്തിലെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. വെള്ളത്തിലാഴ്ന്നുപോയ അച്ഛനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപ്പിനിശ്ശേരി അരോളി സ്വദേശി പോള രാജേഷിന്റെ മകന് രംഗിത് രാജ് (14) ആണു മരിച്ചത്. രാജേഷിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെ എടയന്നൂർ മഞ്ഞക്കുന്ന് മടപ്പുര കുളത്തിലായിരുന്നു അപകടം.
കുളക്കരയിൽ മാലയും വസ്ത്രവും അഴിച്ചുവച്ചനിലയിൽ കണ്ട വഴിയാത്രക്കാരൻ കുളത്തിൽ ആരോ മുങ്ങിയിട്ടുണ്ടെന്നു സംശയിച്ച് മഠപ്പുരയിൽ വിശ്രമിക്കുകയായിരുന്ന സംഘത്തിലെ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. സംഘാംഗങ്ങൾ കുളത്തിൽ നടത്തിയ പരിശോധനയിൽ രാജേഷിനെയാണ് ആദ്യം കണ്ടെത്തിയത്. തൊട്ടുപിന്നാലെ രംഗിത്തിനെയും വെള്ളത്തിനടിയിൽ കണ്ടെത്തി. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രംഗിത്തിനെ രക്ഷിക്കാനായില്ല. അരോളി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണു രംഗിത് രാജ്.