പാർലമെന്റ് ഉദ്ഘാടനം മതചടങ്ങാക്കി: പിണറായി വിജയൻ
Monday, May 29, 2023 1:25 AM IST
കോഴിക്കോട്: രാജ്യത്ത് മതനിരപേക്ഷത തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അതിന്റെ ഉത്തമ ഉദാഹരണമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കോഴിക്കോട്ട് നടന്ന എം.പി. വീരേന്ദ്രകുമാർ അനുസ്മരണ റാലിയും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിൽ നടന്നത് ഒരു പൊതു വേദിയിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതല്ല. ഒരു പ്രത്യേക മതചടങ്ങായാണ് ഇന്നലെ പാർലമെന്റ് ഉദ്ഘാടനച്ചടങ്ങ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്ത് മതനിരപേക്ഷത വലിയ തോതിൽ ആക്രമിക്കപ്പെടുകയാണ്. മതാധിഷ്ഠിത രാഷ്ട്രമാവണമെന്നാണ് ഭരിക്കുന്നവർ ആഗ്രഹിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് പാർലമെന്റിൽ കണ്ടത്. നമ്മുടെ രാജ്യം ഇന്ന് വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ, കെ.പി. മോഹനൻ എംഎൽഎ, മനോജ് കുമാർ ഝാ എംപി, മന്ത്രി കെ. കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.