യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ റിമാൻഡിൽ
Monday, May 29, 2023 12:17 AM IST
കോഴിക്കോട്: കെഎസ്ആർടിസി ബസ്സ്റ്റാൻഡിനു സമീപത്തുള്ള ഇന്ത്യൻ കോഫി ഹൗസ് പരിസരത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ ഏഴംഗസംഘത്തെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലക്കാട് അട്ടപ്പാടി സ്വദേശിയും കൊണ്ടോട്ടിയിലെ താമസക്കാരനുമായ നിഷാദിനെ(43) യാണു കാറിലെത്തിയ സംഘം കഴിഞ്ഞദിവസം അർധരാത്രി 12.30ഓടെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പ്രതികളായ താമരശേരി പുതുപ്പാടി സ്വദേശികളായ മയിലുള്ളാംപാറ സിറാജ് (32), ഉള്ളാട്ടിൻപാറ പി.കെ.ഹുസൈൻ (36), യു.കെ. മുഹമ്മദ് ഇർഫാൻ (25), വിളഞ്ഞിപ്പിലാക്കൽ യു.പി. ദിൽഷാദ് (26), പുഴക്കുന്നുമ്മൽ പി.കെ. ഹൈദരലി (33), ഓമശേരി പൂനൂർവീട്ടിൽ കെ. ജുനൈദ് (21), പാലക്കാട് മണ്ണാർക്കാട് വഴിപറമ്പൻ പരുമ്പട്ടാരി യു.പി. ജഷീർ (46) എന്നിവരെയാണ് താമരശേരി കണ്ണപ്പൻ കുണ്ടുമലയിൽനിന്ന് കഴിഞ്ഞദിവസം രാത്രിയോടെ നടക്കാവ് പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏഴു ലക്ഷം രൂപ നൽകാമെന്ന ധാരണയിൽ സിറാജിന്റെ കാർ പണയത്തിനു വാങ്ങിയ നിഷാദ് പണം നൽകാതിരുന്നതിനെ തുടർന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. നിഷാദ് കോഴിക്കോട്ടെ ബന്ധുവിന്റെ മരണവീട്ടിലേക്ക് വരുന്ന വിവരമറിഞ്ഞ് പ്രതികൾ ഇന്ത്യൻ കോഫി ഹൗസിനോടു ചേർന്നുള്ള ടൂറിസ്റ്റ് ഹോമിനു മുന്നിൽ കാത്തിരിക്കുകയും ഇയാൾ എത്തിയപ്പോൾ മർദിച്ചവശനാക്കി കാറിൽ കയറ്റിക്കൊണ്ടു പോകുകയുമായിരുന്നു. ഇയാളെ കടത്തിക്കൊണ്ടു പോകുന്നതു കണ്ട സുരക്ഷാജീവനക്കാരനാണു പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് നടക്കാവ് ഇൻസ്പക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ഹോം ജീവനക്കാരനെ ചോദ്യം ചെയ്യുകയും വാഹനത്തെക്കുറിച്ച് സൂചന ലഭിക്കുകയുമായിരുന്നു. തുടർന്ന് ടൂറിസ്റ്റ് ഹോമിലെയും സമീപത്തെയും അഞ്ചു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
കാറിലെത്തിയ സംഘം നിഷാദിനെ മർദിക്കുകയും മുണ്ടഴിച്ചു കാൽകെട്ടി കാറിൽ കയറ്റിക്കൊണ്ടു പോകുകയും ചെയ്യുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് നടക്കാവ് എസ്ഐ ബിനുമോഹൻ പറഞ്ഞു.