കെഎസ്യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം
Monday, May 29, 2023 12:17 AM IST
തിരുവനന്തപുരം: കെഎസ്യു പ്രവർത്തകർ തമ്മിൽ വാക്കേറ്റം.ഇന്നലെ കെപിസിസി ഓഫീസിൽ നടന്ന കെഎസ്യു സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് വാക്കേറ്റമുണ്ടായത്. വിവാഹം കഴിഞ്ഞവരെ ഭാരവാഹികളായി നിയമിച്ചത് സംബന്ധിച്ചുള്ള തർക്കമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. വിവാഹം കഴിഞ്ഞവർ ഭാരവാഹികളാകുന്നതിനെതിരേ നേരത്തേ വിമർശനം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് കുറച്ചുപേർ രാജിവച്ചിരുന്നു. എന്നാൽ പ്രായപരിധികഴിഞ്ഞ ചിലർ രാജിവയ്ക്കാത്തതിനെച്ചൊല്ലിയുള്ള ചർച്ചയാണ് വാക്കേറ്റത്തിലേക്ക് കലാശിച്ചത്.
സംഘർഷത്തിന്റെ ഘട്ടത്തിലേക്ക് കടക്കുമെന്നായപ്പോൾ നേതാക്കളെത്തി പ്രവർത്തകരെ പറഞ്ഞയച്ചു. എന്നാൽ സംഘടനാപരമായ ചർച്ചകൾ മാത്രമാണ് ഇന്നലെ യോഗത്തിൽ നടന്നതെന്നും സംഘർഷമുണ്ടായെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നു കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.