പുന്നത്തൂര് ആനക്കോട്ട : റിപ്പോര്ട്ട് നല്കാന് ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു
Sunday, May 28, 2023 2:58 AM IST
കൊച്ചി: ഗുരുവായൂര് ദേവസ്വത്തിനു കീഴിലുള്ള പുന്നത്തൂര് ആനക്കോട്ടയില് പരിശോധന നടത്തി റിപ്പോര്ട്ട് നല്കാന് ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. ജസ്റ്റീസ് അനില്. കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര് എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
പുന്നത്തൂര് കോട്ടയില് ആനകള്ക്കു മതിയായ സംരക്ഷണം നല്കുന്നില്ലെന്നാരോപിച്ച് വോയ്സ് ഫോര് ഏഷ്യല് എലിഫന്റ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യര് നല്കിയ ഹര്ജിയില് സീനിയര് അഭിഭാഷകനായ കെ.പി. ശ്രീകുമാറിനെയാണു കമ്മിഷനായി നിയോഗിച്ചത്.
എറണാകുളം ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ, അസി. വെറ്ററിനറി ഓഫീസര് എന്നിവരുടെ സഹായത്തോടെ കമ്മീഷന് ജൂണ് നാലിന് രാവിലെ 11 ന് പരിശോധന നടത്തണം. ആനകള്ക്കുള്ള പരിചരണം, സംരക്ഷണം തുടങ്ങിയവ വ്യക്തമാക്കുന്ന ചിത്രങ്ങള് സഹിതമാണ് കമ്മീഷന് റിപ്പോര്ട്ട് നല്കേണ്ടത്. പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്ട്ട് നല്കണം. ഹര്ജി ജൂണ് 13 ന് വീണ്ടും പരിഗണിക്കും.