വില്ലേജ് ഓഫീസിൽ നേരിട്ട് ഓണ്ലൈൻ അപേക്ഷ : റവന്യു നിർദേശം ധനവകുപ്പ് തള്ളി
Saturday, May 27, 2023 1:27 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കുമായി വില്ലേജ് ഓഫീസുകളിലെത്തുന്നവർക്ക് അവിടെത്തന്നെ ഓണ്ലൈൻ അപേക്ഷ തയാറാക്കി നൽകാനുള്ള ഫ്രണ്ട് ഓഫീസ് സംവിധാനമെന്ന റവന്യു വകുപ്പു നിർദേശം, ധനവകുപ്പു തള്ളി.
സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ് സംവിധാനത്തിന് അധിക തസ്തിക അനുവദിക്കാൻ കഴിയില്ലെന്നു ധനവകുപ്പ് കുറിപ്പെഴുതി. അഴിമതി തടയാനും വില്ലേജ് ഓഫീസുകളിലെ സേവനം സമയബന്ധിതമായി നൽകാനും ഫ്രണ്ട് ഓഫീസ് സംവിധാനം അനുവദിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിയെങ്കിലും തുടർനടപടി സ്വീകരിക്കാതിരുന്നതിനാൽ സംവിധാനം യാഥാർഥ്യമായില്ല.
റവന്യു സർട്ടിഫിക്കറ്റുകൾക്കും ഭൂമി സംബന്ധമായ രേഖകൾക്കുമായി അക്ഷയ കേന്ദ്രങ്ങൾ അടക്കമുള്ള ഓണ്ലൈൻ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകാൻ സാധാരണക്കാരും പാവപ്പെട്ടവരും അടക്കം വൻതുകയാണു നൽകേണ്ടി വരുന്നത്. ഇത്തരം ഓണ്ലൈൻ അപേക്ഷകളിൽ പലതിലും വില്ലേജ് ഓഫീസർമാരും ജീവനക്കാരും സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്. സമയപരിധി കഴിഞ്ഞു ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ പലർക്കും പ്രയോജനപ്പെടാത്ത സാഹചര്യവുമുണ്ട്. ഇതു മറികടക്കാനാണ് വില്ലേജ് ഓഫീസിൽ തന്നെ കന്പ്യൂട്ടറും സ്കാനറും പ്രിന്ററും അടക്കമുള്ള സംവിധാനം ഒരുക്കി ഓണ്ലൈൻ അപേക്ഷ നൽകാൻ ക്രമീകരണമൊരുക്കാമെന്ന നിർദേശം റവന്യു വകുപ്പു സർക്കാരിനു മുന്നിൽ വച്ചത്.
ഓരോ സർട്ടിഫിക്കറ്റിനും ആവശ്യമുള്ള ഏതൊക്കെ രേഖകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണമെന്ന വിവരം അപേക്ഷകനും വേഗത്തിൽ ലഭിക്കുമായിരുന്നു. വില്ലേജ് ഓഫീസിൽ നേരിട്ട് ഓണ്ലൈൻ അപേക്ഷ നൽകുന്നതിനാൽ ഇത്ര ദിവസത്തിനകം സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഉപയോക്താക്കൾക്ക് അറിയാനും കഴിയുമായിരുന്നു.
ഫ്രണ്ട് ഓഫീസ് സംവിധാനത്തിനായി ഓരോ വില്ലേജ് ഓഫീസിലും കന്പ്യൂട്ടർ പരിജ്ഞാനമുള്ള ഒരു എൽഡി ക്ലർക്കിന്റെ തസ്തിക വീതം അധികമായി സൃഷ്ടിക്കണമെന്ന നിർദേശമാണു മുന്നോട്ടുവച്ചത്. സംസ്ഥാനത്താകെ 1550 അധിക തസ്തികകൾ വേണ്ടി വരും. എന്നാൽ, പ്രതിവർഷം 200 കോടി രൂപയുടെ അധിക ചെലവുവരുന്ന പദ്ധതി ധനവകുപ്പ് അംഗീകരിച്ചില്ല.
സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്പോൾ അധിക തസ്തിക അനുവദിക്കാൻ കഴിയില്ലെന്നു ഫയലിൽ കുറിച്ചു. റവന്യു മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു കാര്യം ധരിപ്പിച്ചെങ്കിലും പദ്ധതിക്ക് അനുമതി ലഭിച്ചില്ല.
പകരം ഇ ഡിജിറ്റൽ സാക്ഷരത
ഒരു കുടുംബത്തിൽ ഒരാൾക്ക് എങ്കിലും റവന്യു സേവന അപേക്ഷകളിൽ ഇ- ഡിജിറ്റൽ സാക്ഷരത പദ്ധതി നടപ്പാക്കാൻ റവന്യു വകുപ്പു തീരുമാനിച്ചത് ഇതേത്തുടർന്നാണ്. സ്മാർട്ട് ഫോണ് വഴി റവന്യു അപേക്ഷകൾ നൽകുന്നതിന് ജനങ്ങളെ ബോധവത്കരിക്കുകയാണു ലക്ഷ്യം.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് റവന്യു ഇ- സാക്ഷരത നൽകുന്ന പദ്ധതി നടപ്പാക്കാനാണു മുൻഗണന. ഹയർ സെക്കൻഡറി വിഭാഗം കുട്ടികളിൽ ഭൂരിഭാഗത്തിനും പഠനത്തിന്റെ ഭാഗമായി ലാപ്ടോപ്പോ ടാബോ കൈവശമുണ്ടാകുമെന്ന നിരീക്ഷണത്തിന്റെ കൂടി അടിസ്ഥാനത്തിലാണു പദ്ധതി ആലോചിക്കുന്നത്.
വില്ലേജ് ഓഫീസ് കൈക്കൂലി വ്യാപകമായ സാഹചര്യത്തിൽ ഇതു വേഗത്തിൽ നടപ്പാക്കാനുള്ള നടപടികളുമായാണു മുന്നോട്ടു പോകുന്നത്.
പ്രതിവർഷം 20,000 അപേക്ഷകൾ
വില്ലേജ് ഓഫിസുകളിൽ കഴിഞ്ഞ വർഷം 2248 മുതൽ 20,000 വരെ അപേക്ഷകൾ എത്തിയതായാണു രേഖകളിലുള്ളത്. ഇ- ഡിസിട്രിക്ട് പദ്ധതി പ്രകാരം ആലപ്പുഴ നീലംപേരൂർ വില്ലേജ് ഓഫീസിലാണ് കഴിഞ്ഞ വർഷം കുറഞ്ഞ അപേക്ഷ ലഭിച്ചത്. 2248 എണ്ണം.
എന്നാൽ, എറണാകുളം ജില്ലയിലെ ഒരു വില്ലേജ് ഓഫീസിൽ 20,000ത്തിനു മുകളിൽ അപേക്ഷ കഴിഞ്ഞ വർഷമെത്തി. ഒരു വില്ലേജ് ഓഫീസർ, രണ്ടു വില്ലേജ് അസിസ്റ്റന്റുമാർ, രണ്ട് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിങ്ങനെ അഞ്ചു ജീവനക്കാരാണുള്ളത്. അപേക്ഷകളിൽ നടപടി സ്വീകരിക്കേണ്ടത് വില്ലേജ് അസിസ്റ്റന്റുമാരാണ്. ഫീൽഡ് പരിശോധന നടത്തി റിപ്പോർട്ട് നൽകേണ്ട ചുമതലയാണ് ഫീൽഡ് അസിസ്റ്റന്റുമാർക്കുള്ളത്.
ഇപ്പോൾത്തന്നെ അധിക ജോലിഭാരമുള്ള ഇവർക്ക് ഫ്രണ്ട് ഓഫീസ് സംവിധാനത്തിന്റെ ചുമതല നൽകാൻ കഴിയില്ലെന്നാണ് റവന്യു വകുപ്പു നിലപാട്.