എൻജിഒ സംഘ് കൈയേറിയ മുറി താഴിട്ടുപൂട്ടി; ഉദ്ഘാടനം നടത്താതെ കേന്ദ്രമന്ത്രി മടങ്ങി
Saturday, May 27, 2023 1:05 AM IST
തിരുവനന്തപുരം: ബിജെപി അനുഭാവികളായ ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് സംഘ് അനധികൃതമായി കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് കൈയേറിയ ഓഫീസ് മുറി രജിസ്ട്രാർ അടച്ചുപൂട്ടിയതിനെ തുടർന്ന് യൂണിയൻ ഓഫീസ് ഉദ്ഘാടനം ചെയ്യാനാകാതെ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ മടങ്ങി.
വിസി ഡോ. മോഹൻകുന്നുമ്മേലിന്റെ ഒത്താശയോടെ എൻജിഒ സംഘ് മുറി കൈയേറിയതായി ആരോപിച്ച് സിപിഎം അനുകൂല സംഘടന പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. അന്വേഷണം നടത്തിയ രജിസ്ട്രാർ കൈയേറിയ മുറി താഴിട്ടു പൂട്ടിയതോടെ എംപ്ലോയീസ് സംഘ് ഓഫീസ് ഉദ്ഘാടനം മുടങ്ങുകയായിരുന്നു.
അതേസമയം ഉദ്ഘാടനത്തിന് തീരുമാനിച്ചിരുന്ന സമയത്ത് കേന്ദ്ര മന്ത്രി വി.മുരളീധരൻ യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തി. വിസി ഡോ. മോഹൻകുന്നുമ്മേൽ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ സ്വീകരിച്ച് ചേംബറിലേക്കു കൂട്ടിക്കൊണ്ടുപോയി.
കേരള സർവകലാശാലയ്ക്കും ആരോഗ്യ സർവകലാശാലയ്ക്കും ഗവേഷണ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക അനുവദിക്കണമെന്ന വിസിയുടെ ആവശ്യം അനുഭാവ പൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയതായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്ര മന്ത്രി മടങ്ങിയതിനു പിന്നാലെ വിവിധ യൂണിയനുകൾക്ക് സർവകലാശാല ആസ്ഥാനത്തും കാര്യവട്ടം കാന്പസിലും യൂണിയൻ പ്രവർത്തനങ്ങൾക്കായി മുറി അനുവദിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാൻ വിസി രജിസ്ട്രാറെ ചുമതലപ്പെടുത്തി.
സിപിഎം അനുഭാവമുള്ള എംപ്ലോയിസ് യൂണിയൻ, കോണ്‍ഗ്രസിന്റെ സ്റ്റാഫ് യൂണിയൻ, സിപിഐയുടെ എംപ്ലോയിസ് അസോസിയേഷൻ എന്നീ സംഘടനകൾക്ക് കാന്പസിൽ ഓഫീസുകളുണ്ട്. കേന്ദ്രമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് സർവകലാശാല ആസ്ഥാനത്ത് വൻ പോലീസ് സന്നാഹം വിന്യസിച്ചതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തിയ വിദ്യാർഥികളും വലഞ്ഞു.