അരിക്കൊമ്പൻ: കർഷക സംഘടനകൾ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നൽകും
Sunday, April 2, 2023 1:26 AM IST
കണ്ണൂർ: അരിക്കൊമ്പൻ ആനയുടെ കാര്യത്തിലുണ്ടായ ഹൈക്കോടതി വിധി കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതിൽ പ്രതിഷേധിച്ച് അറുപതിലധികം സ്വതന്ത്ര കർഷക സംഘടനകളുടെ ഭാരവാഹികൾ അഞ്ചിന് രാവിലെ 10ന് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നൽകും.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, അരിക്കൊമ്പനെ ഉടൻ പിടികൂടുക, ഈ വിഷയത്തിൽ ഹൈക്കോടതിയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നിയമവിരുദ്ധമായ കാര്യങ്ങളിൽ നടപടിയെടുക്കുക, ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസ് നേരിട്ട് വാദം കേൾക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘടനകൾ ചീഫ് ജസ്റ്റിസിനെ കാണുന്നത്.
ഇതുസംബന്ധിച്ചു ചേർന്ന വിവിധ സംഘടനകളുടെ അടിയന്തര യോഗത്തിൽ വിവിധ കർഷക സംഘടനാ ഭാരവാഹികളായ അഡ്വ. കെ.വി.ബിജു (ആർകെഎംഎസ്), ജോയി കണ്ണംചിറ (വിഫാം), അഡ്വ. ബിനോയ് തോമസ് (ഐഫ), മുതലാംതോട് മണി (ദേശീയ കർഷക സമാജം), ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കളായ റസാഖ് ചൂരവേലിൽ, വി.ബി. രാജൻ , മാർട്ടിൻ തോമസ് (എഫ്ആർഎഫ്), ജോർജ് സിറിയക് (ഡികെഎഫ്), സണ്ണി ആന്റണി നീതിസന, ഡോ.ജോസുകുട്ടി ഒഴുകയിൽ (മലനാട് കർഷക രക്ഷാസമിതി), മനു ജോസഫ് (ജൈവകർഷക സമിതി), അഡ്വ. സുമിൻ എസ് നെടുങ്ങാടൻ, ജിന്നറ്റ് മാത്യു, ജോബിൾ വടാശേരി, അഡ്വ. ടി.എ.ബാബു, ഡോ. മാനുവൽ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.