സജീവബലി
Sunday, March 19, 2023 12:20 AM IST
ഫാ.മൈക്കിൾ കാരിമറ്റം
“നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം യഥാർഥമായ ആരാധന’’ (റോമ 12, 1).
റോമാക്കാർ എഴുതിയ ലേഖനത്തിൽ, ദൈവശാസ്ത്രപരമായ പ്രമേയങ്ങളെക്കുറിച്ച് ആഴമേറിയ പ്രബോധനങ്ങൾ നൽകിയതിനു ശേഷം അപ്പസ്തോലൻ പ്രായോഗികമായ നിർദേശങ്ങൾ നൽകുന്നതിന്റെ തുടക്കത്തിൽ കാണുന്നതാണ് മേലുദ്ധരിച്ച വചനം. “എന്നെ ആരാധിക്കാൻവേണ്ടി എന്റെ പുത്രനെ വിട്ടയയ്ക്കുക’’(പുറ 4, 23) എന്ന കല്പനയുമായാണു ദൈവം മോശവഴി ഫറവോയെ നേരിടുന്നത്. എന്താണ് ആരാധന, എങ്ങനെയാണു ദൈവത്തെ ആരാധിക്കേണ്ടത് എന്നതിന്റെ ഒരു ലഘുചിത്രം അപ്പസ്തോലന്റെ ഉപദേശത്തിൽ കാണാം.
ശരീരം ബലിയായി അർപ്പിക്കണം. കഴുത്തറുത്ത് ബലിപീഠത്തിൽ രക്തമൊഴുക്കണം എന്നല്ല ഇതിനർഥം. എന്റെ ശരീരത്തെ, അതിന്റെ സകലകഴിവുകളോടും ബലഹീനതകളോടുംകൂടെ ദൈവത്തിനു സമർപ്പിക്കണം.
ദൈവം വസിക്കുന്ന സജീവമായ ആലയമാണ് ശരീരം. “നിങ്ങൾ വിലയ്ക്കുവാങ്ങപ്പെട്ടവരാണ്. ആകയാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ’’ (1 കോറി 6,19-20). മഹത്വപ്പെടുത്തുകയെന്നാൽ ദൈവത്തിന്റെ സ്നേഹത്തിനും കരുത്തിനും കരുതലിനും സാക്ഷ്യം നൽകുക എന്നാണ് അർഥമാക്കുക. എന്റെ ശരീരം ദൈവമഹത്വം പ്രഘോഷിക്കുന്ന ഉപകരണമാകണം. ഇതുതന്നെയാണ് സജീവ ബലിയർപ്പിക്കുന്നതും.
പാപത്താൽ ബലഹീനമാക്കപ്പെട്ടതാണ് മനുഷ്യശരീരം. ആഗ്രഹിക്കുന്ന നന്മചെയ്യാൻ കഴിയാതെ, ആഗ്രഹിക്കാത്ത തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന പാപത്തിന്റെ ശക്തിക്ക് അടിമപ്പെട്ടുപോകുന്ന ശരീരം (റോമ 7,15-25). അതിന്റെ പ്രവണതകൾ അപ്പസ്തോലൻ അക്കമിട്ടുനിരത്തുന്നുണ്ട്(ഗലാ 5,18-21). “അസന്മാർഗികത, അശുദ്ധി, മനഃക്ഷോഭം, ദുർവിചാരങ്ങൾ, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി’’(ഹെബ്രാ 3,5) എന്ന് എടുത്തുകാട്ടുന്ന ശരീരത്തിന്റെ ബലഹീനതകളെ ആത്മാവിന്റെ ശക്തിയാൽ കീഴടക്കണം. ശരീരത്തെ സജീവബലിയായി അർപ്പിക്കുന്നതിന്റെ ഒരു മാനം ഇതാണ്.
പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾക്കു പൂർണമായി സ്വയം വിട്ടുകൊടുത്ത് ജീവിതത്തെ സമഗ്രമായി നവീകരിക്കുന്നതാണു സജീവ ബലിയുടെ മറ്റൊരു മാനം. അതിനെ, പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ്, പുതിയ മനുഷ്യനെ ധരിക്കൽ എന്നാണ് അപ്പസ്തോലൻ വിശേഷിപ്പിക്കുന്നത് (റോമ 12,9-21; എഫേ 4,22-24; ഹെബ്രാ 3,9). ഇവിടെ ഒരു സമൂലപരിവർത്തനം നടക്കുന്നു. പരിശുദ്ധാത്മാവാണ് ഈ പുതിയ സൃഷ്ടി നടത്തുന്നത്. അതിന്റെ ഫലമാണ് “സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം’’ (ഗലാ 5,22) എന്നിവ.
ഇപ്രകാരം ആത്മാവിനാൽ നവീകരിക്കപ്പെട്ടവരുടെ ജീവിതം സമൂഹത്തിൽ ഒരു സാക്ഷ്യവും പ്രചോദനവും ആകും. അപ്പോൾ എല്ലാവരോടും സമാധാനത്തിൽ കഴിയാൻ സാധിക്കും. ആരും ആരോടും തിന്മയ്ക്കു പകരം തിന്മചെയ്യില്ല. തിന്മയെ നന്മകൊണ്ടു കീഴടക്കും.
എപ്പോഴും സന്തോഷത്തോടെ ഇരിക്കാനും എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കാനും കഴിയും. ഇതാണ് എല്ലാ മനുഷ്യരെയും സംബന്ധിച്ചുള്ള ദൈവഹിതം (1 തെസ 5,15-21). ഇതൊക്കെയാണു ശരീരം ദൈവത്തിനു സജീവബലിയായി അർപ്പിക്കുക എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഇക്കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കാൻ നോന്പുകാലം ആഹ്വാനം ചെയ്യുന്നു. ഓരോ മനുഷ്യന്റെയും ശരീരം ദൈവം വസിക്കുന്ന സജീവ ദൈവാലയമാണെന്ന കാര്യം പ്രത്യേകം ഓർമിക്കണം. ഈ ദൈവാലയത്തെ പവിത്രമായി കാത്തുസൂക്ഷിക്കണം എന്നും നോന്പുകാലം അനുസ്മരിപ്പിക്കുന്നു.