പാഠ്യപദ്ധതി ചട്ടക്കൂട് രേഖ പിൻവലിക്കണം: കത്തോലിക്ക കോൺഗ്രസ്
Saturday, November 26, 2022 1:54 AM IST
കൊച്ചി: സ്കൂൾ വിദ്യാഭ്യാസ ഘടന പരിഷ്കരിക്കുന്ന പദ്ധതിക്കായി കേരള സർക്കാർ പ്രസിദ്ധീകരിച്ച ചട്ടക്കൂട് രേഖ ചരിത്രത്തെ വളച്ചൊടിക്കുന്നതും തെറ്റായ വീക്ഷണങ്ങൾ അടിച്ചേൽപ്പിക്കുന്നതുമാണെന്നും അതു പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്.
രേഖ ത്രിഭാഷാ പദ്ധതി അട്ടിമറിക്കുന്നതും സാമൂഹിക അസ്ഥിരത സൃഷ്ടിക്കുന്നതുമാണ്. ദേശീയ ഭാഷയായ ഹിന്ദിയും അന്തർദേശീയ ഭാഷയായ ഇംഗ്ലീഷും പ്രാദേശിക ഭാഷയായ മലയാളവുമാണ് ഇപ്പോൾ പഠനപദ്ധതിയിൽ ഉള്ളത്.
ഈ മൂന്ന് ഭാഷകൾ പഠിക്കേണ്ട ആവശ്യമില്ലെന്നും ഇംഗ്ലീഷിനും ഹിന്ദിക്കും പരിശീലനം നല്കിയാൽ മതിയെന്നും പ്രാദേശിക ഭാഷ മാത്രം പഠന പദ്ധതിയിൽ മതിയെന്നുമുള്ള വികലമായ കാഴ്ചപ്പാട് തിരുത്തേണ്ടതുതന്നെയാണ്. ഇതുമൂലം നമ്മുടെ വിദ്യാർഥികൾക്കു കേരളത്തിനു വെളിയിൽ ലഭിക്കാവുന്ന അവസരങ്ങൾ ഇല്ലാതാകും.
വികലമായതും ഗൂഢോദ്ദേശ്യപരമായതുമായ പരിഷ്കരണ നിർദേശങ്ങൾ ചട്ടക്കൂട് രേഖ പിൻവലിക്കണമെന്നു കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനു സർക്കാർ തയാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡോ. കെ. എം. ഫ്രാൻസിസ്, ഡോ. ജോസ്കുട്ടി ഒഴുകയിൽ, ഡോ. ജോബി കാക്കശേരി, ഡോ. മാത്യു കല്ലടികോട്, ബിജു സെബാസ്റ്റ്യൻ, ബെന്നി ആന്റണി, സെബാസ്റ്റ്യൻ പുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.