ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് തീകൊളുത്തി മരിച്ചു
Friday, October 7, 2022 12:50 AM IST
മുക്കം: ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തീകൊളുത്തി മരിച്ചു. കാലിക്കട്ട് എൻഐടി സിവിൽ എൻജിനിയറിംഗ് വിഭാഗം ടെക്നീഷൻ കരുനാഗപ്പള്ളി സ്വദേശി അജയകുമാർ (56), ഭാര്യ ലിനി (48) എന്നിവരാണു മരിച്ചത്.
പതിമൂന്നുകാരനായ മകനെയും അജയകുമാർ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടാങ്ങലിലെ എൻഐടി ക്വാട്ടേഴ്സിൽ ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. അടുക്കളയിലെ പാചകവാതക സിലിണ്ടർ തുറന്നുവിട്ടതിനു ശേഷം അജയകുമാർ, കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഉറങ്ങിക്കിടന്ന മകനെയും തലയണ വച്ച് ശ്വാസം മുട്ടിച്ചുവെങ്കിലും കുട്ടി മരിച്ചില്ല. അജയകുമാർ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയപ്പോൾ മകൻ അടുക്കള വാതിൽ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മകനാണു പരിസരത്തുള്ളവരെ വിവരമറിയിച്ചത്.
ഓടി രക്ഷപ്പെട്ട കുട്ടിക്കു ചെറിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിനിയുടെ മൃതദേഹവും പൊള്ളലേറ്റ നിലയിലാണ്. ദമ്പതികളുടെ മകൾ കോട്ടയത്ത് പഠിക്കുകയാണ്.