സർക്കാരിൽനിന്നു കിട്ടാൻ കോടികൾ; അരിമില്ലുകൾ നെല്ല് സംഭരണം നിർത്തുന്നു
Friday, September 30, 2022 2:42 AM IST
കൊച്ചി: നെല്ല് അരിയാക്കിയ ഇനത്തിൽ മില്ലുടമകൾക്കു ലഭിക്കേണ്ട 15 കോടിയിലധികം രൂപ സർക്കാർ വിതരണം ചെയ്യാത്തതുൾപ്പെടെ വിവിധ വിഷയങ്ങളിൽ പ്രതിഷേധവുമായി സംസ്ഥാനത്തെ മില്ലുടമകൾ നെല്ല് സംഭരണം നിർത്തിവയ്ക്കുന്നു. സർക്കാരുമായി ഇന്നലെ നടത്തിയ ചർച്ചകൾക്കു ശേഷം കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.
മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന പതിവു പല്ലവി മാത്രമാണ് ചർച്ചയിൽ പങ്കെടുത്ത മന്ത്രിമാർ ആവർത്തിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇനിയും ഇത് അംഗീകരിക്കാനാകില്ല.
സർക്കാരിന്റെ സമ്മർദത്തിനു വഴങ്ങി സപ്ലൈകോ ജോലികൾ ചെയ്ത സംസ്ഥാനത്തെ 65ൽ പരം മില്ലുകൾ സമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടി. നെല്ല് സംഭരണ വിഷയത്തിലും മില്ലുടമകളുടെ ആവശ്യങ്ങളിലും മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടു പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നും കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. കർണൻ, ജനറൽ സെക്രട്ടറി വർക്കി പീറ്റർ, പാലക്കാട് ജില്ല പ്രസിഡന്റ് വി.ആർ. പുഷ്പാംഗതൻ. എൻ.പി. ആന്റണി എന്നിവർ ആവശ്യപ്പെട്ടു.
ഭക്ഷ്യമന്ത്രി ജി.ആർ. അനിൽകുമാർ, ധന മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈനിൽ നടന്ന ചർച്ചയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറി, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ, മറ്റ് സപ്ലൈകോ ഉദ്യോഗസ്ഥർ, മില്ലുടമകളുടെ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.