കൊച്ചി മെട്രോയ്ക്കായി ഫിസാറ്റ് എൻജിനിയറിംഗ് കോളജ് റോബോട്ടുകൾ നിർമിക്കും
Thursday, June 30, 2022 12:13 AM IST
അങ്കമാലി: അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജ് കൊച്ചി മെട്രോയ്ക്കായി റോബോട്ടുകൾ നിർമിക്കുന്നു. ആദ്യഘട്ടത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഷനിലാണ് സ്വതന്ത്ര റോബോട്ട് സ്ഥാപിക്കുക. ഇതു സംബന്ധിച്ച് കെഎംആർഎലും അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജും ധാരണയായി.
മെട്രോ സ്റ്റേഷനിൽ എത്തുന്നവരെ റോബോട്ട് സ്വാഗതം ചെയ്യും. തുടർന്ന് യാത്രക്കാർക്ക് അവരുടെ ഏതു സംശയങ്ങളും ദുരീകരിക്കാനുള്ള അവസരമൊരുക്കും. കുട്ടികൾക്കു വേണമെങ്കിൽ പാട്ടുപാടി കൊടുക്കും.
അവരോടൊപ്പം നൃത്തം ചെയ്യാനും റോബോട്ട് തയാറാണ്. യാത്രക്കാരുടെ സംശങ്ങൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറുപടി നൽകും. യാത്രക്കാർ പറയുന്ന പരാതികൾ ഒരു പരിധി വരെ പരിഹരിക്കാനും ഇല്ലെങ്കിൽ വേണ്ടപ്പെട്ട അധികാരികളെ അറിയിക്കാനും റോബോട്ടുകൾക്ക് കഴിയും.
എല്ലാ മെട്രോ സ്റ്റേഷനുകളിലും റോബോട്ടുകൾ സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഈ റോബോട്ടുകൾ വഴി നടത്താനാകും. അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റോബോട്ടുകളുടെ ചാർജ് തീർന്നു കഴിഞ്ഞാൽ ഇതു തനിയെ ചാർജ് ചെയ്യും എന്നുള്ള പ്രത്യേകതയുമുണ്ട്.
ഫിസാറ്റ് സെന്റർ ഓഫ് എക്സലൻസ് ഇൻ റോബോട്ടിക്സും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഫിസാറ്റ് സെന്റർ ഓഫ് എക്സലൻസ് ഇൻ റോബോട്ടിക്സ് നോഡൽ ഓഫീസർ ബിജോയ് വർഗീസ്, സി. മഹേഷ്, ആർ. രാജേഷ്, സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റർമാരായ ജോസ് ബെൻ, രോഹിത് ജോർജ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. എല്ലാ സ്റ്റേഷനുകളിലും റോബോട്ടുകൾ സ്ഥാപിക്കുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾ ഓഗസ്റ്റോടു കൂടി പൂർത്തിയാകും.