ചീഫ് വൈൽഡ് ലൈഫ് വാർഡനായി ജയപ്രസാദിനെ പരിഗണിക്കുന്നു
Thursday, May 26, 2022 1:55 AM IST
തിരുവനന്തപുരം: ബെന്നിച്ചൻ തോമസ് വനംവകുപ്പ് മേധാവിയായതോടെ അദ്ദേഹം വഹിച്ചിരുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്ഥാനത്തേയ്ക്കുള്ള പട്ടികയിൽ നിലവിലെ പിസിസിഎഫ് ഡി. ജയപ്രസാദിനെ സർക്കാർ പരിഗണിക്കുന്നു.
സംസ്ഥാന ഡപ്യൂട്ടേഷനിൽ കോട്ടയത്തെ വനം വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടറായ പ്രകൃതി ശ്രീവാസ്തവ ഡപ്യൂട്ടേഷൻ റദ്ദാക്കി, വനം വകുപ്പിലേക്ക് മടങ്ങിയെത്താൻ താൽപര്യം അറിയിച്ചു സർക്കാരിനു കത്തു നൽകിയാൽ പരിഗണിക്കേണ്ടി വരും.
നിലവിലെ പിസിസിഎഫുമാരിൽ ജൂനിയറായ നോയൽ തോമസിനു വേണ്ടിയും നീക്കം സജീവമാണ്.
അതേസമയം, മലയാള ഭാഷ കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ നിലവിലെ രണ്ടാമനായ പിസിസിഎഫും ഫോറസ്റ്റ് വിജിലൻസ് ആൻഡ് ഇന്റലിജൻസ് മേധാവിയുമായ ഗംഗാ സിംഗിനെ ഉൾപ്പെടുത്തില്ല. നിലവിലെ സ്ഥാനത്തു ഗംഗാ സിംഗ് തുടരും.
വനം വകുപ്പു നൽകുന്ന ശിപാർശയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. രണ്ടോ മൂന്നോ ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.