പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷയിൽ അവ്യക്തത: വിദ്യാർഥികൾക്ക് ആശങ്ക
Tuesday, November 30, 2021 12:34 AM IST
ചങ്ങനാശേരി: കഴിഞ്ഞ ദിവസം ഫലപ്രഖ്യാപനം നടന്ന പ്ലസ് വണ്‍ പൊതുപരീക്ഷയുടെ ഇംപ്രൂവ്മെന്റ് അവസരം ലഭ്യമാകുന്നതിലുള്ള അവ്യക്തതമൂലം വിദ്യാർഥികൾ ആശങ്കയിൽ. ഇതുസംബന്ധിച്ച് അറിയിപ്പ് വിദ്യാഭ്യാസ വകുപ്പിൽനിന്നും ലഭിക്കാത്തതാണ് വിദ്യാർഥികളിലും അധ്യാപകരിലും ആശങ്ക ഉയർത്തുന്നത്.
ഒന്നാം വർഷ പരീക്ഷയ്ക്കു ശേഷം മൂന്നു വിഷയങ്ങളുടെ മാർക്ക് മെച്ചപ്പെടുത്താൻ സാധാരണ വിദ്യാർഥികൾക്ക് അവസരം നൽകാറുണ്ട്. കോവിഡ് സാഹചര്യത്തിൽ അഞ്ചുമാസം വൈകി സെപ്റ്റംബർ മാസത്തിൽ നടന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇംപ്രൂവ്മെന്റ് അവസരം ഉണ്ട ാകില്ലെന്ന് വിദ്യാഭ്യാസവകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കും മികച്ച രീതിയിൽ എഴുതാൻ സാധിക്കാതെ പ്രതീക്ഷിച്ച മാർക്കുകൾ ലഭിക്കാതിരുന്നവർക്കും ഒരവസരംകൂടി നൽകണമെന്ന ആവശ്യം പരീക്ഷാഫലം പുറത്തുവന്നതോടെയാണ് ശക്തമായത്.
ഇംപ്രൂവ്മെന്റ് പരീക്ഷ ഇല്ലെങ്കിൽ ഒന്നാം വർഷ പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്ത ഉത്തരപ്പേപ്പറുകളുടെ പുനർമൂല്യനിർണയത്തിന് കൂടുതൽ വിദ്യാർഥികൾ അപേക്ഷിക്കും. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് അഞ്ഞൂറുരൂപയാണ് ഫീസ്.
അവസാന തിയതി ഡിസംബർ രണ്ട് ആണെന്നിരിക്കെ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ കാര്യത്തിൽ ഉടൻ തീരുമാനമായില്ലെങ്കിൽ പുനർമൂല്യ നിർണയത്തിനായി അധിക സാന്പത്തിക ഭാരം വന്നുചേരും. ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്ന പക്ഷം പുനർ മൂല്യനിർണയത്തിനായി വലിയ തുക വിദ്യാർഥികൾക്ക് മുടക്കേണ്ടി വരില്ല.
രണ്ടാംവർഷ ക്ലാസുകളെയും പൊതുപരീക്ഷകളെയും ബാധിക്കാത്ത രീതിയിൽ ഇംപ്രൂവ്മെന്റ് പരീക്ഷാ കാര്യത്തിൽ സർക്കാർ അടിയന്തര തീരുമാനമെടുക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് പറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ നടന്ന പരീക്ഷയിൽ ഇരട്ടിമാർക്കിനുള്ള ചോദ്യങ്ങൾ നൽകിയിരുന്നു. അതിനും പുറമേ ചില വിഷയങ്ങളിൽ മാത്രം വളരെ ഉദാരമായ സമീപനം സ്വീകരിച്ചതുവഴി മാർക്കുകളിൽ വന്നിരിക്കുന്ന അസന്തുലനം വിദ്യാർഥികളിലും അധ്യാപകരിലും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
മൂല്യനിർണയ കാര്യത്തിൽ വിഷയാടിസ്ഥാനത്തിൽ പൊതുമാനദണ്ഡമില്ലാത്തതിനാൽ തന്നെ പല വിഷയങ്ങളിലും മുഴുവൻ മാർക്ക് ലഭിച്ച കുട്ടികൾക്ക് ഇംഗ്ലീഷ്, കണക്ക്, പൊളിറ്റിക്കൽ സയൻസ്, ബയോളജി, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളിൽ അത്രയും ഉയർന്ന മാർക്കുകൾ ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ മാർക്കുകൾ മെച്ചപ്പെടുത്താൻ ഇംപ്രൂവ്മെന്റ് അവസരം ലഭ്യമാക്കണമെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നത്.
ബെന്നി ചിറയിൽ