ഒരു ബെഞ്ചില്‍ രണ്ടു പേർ; ക്ലാസുകള്‍ ഉച്ചവരെ
Friday, September 24, 2021 2:10 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ അടച്ച സ്കൂളുകള്‍ നവംബര്‍ ഒന്നിന് തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ മതിയെന്ന അഭിപ്രായം ഉന്നതതല യോഗത്തില്‍ ഉയര്‍ന്നു.
ആദ്യത്തെ ആഴ്ച കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ക്ലാസിലും വീട്ടിലും പാലിക്കേണ്ടതിനെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഉച്ചവരെ ക്ലാസുകള്‍ മതിയെന്ന അഭിപ്രായം യോഗത്തിലുണ്ടായി. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ആരോഗ്യ സെക്രട്ടറി രാജന് ഖോബ്രഗഡെ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു എന്നിവരുള്‍പ്പെട്ട മൂന്നംഗ സമിതിയെ ഉന്നതതല യോഗം ചുമതലപ്പെടുത്തി.
എല്ലാ ക്ലാസുകളും ഉച്ചവരെ മതിയെന്നും മൂന്നു ദിവസത്തിലൊരിക്കല്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ ക്ലാസുകള്‍ മതിയെന്നും നിര്‍ദേശമുയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ അധ്യാപക സംഘടനകളുമായും രക്ഷിതാക്കളുമായും ചര്‍ച്ച നടത്തി മാത്രമേ അന്തിമതീരുമാനം കൈക്കൊള്ളൂ. ക്ലാസില്‍ എത്ര വിദ്യാര്‍ഥികള്‍ വേണം, ഉച്ചഭക്ഷണം സ്കൂളില്‍ നല്‍കണമോ എന്നിവയെല്ലാം വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെടുന്ന എല്ലാ വിഭാഗവുമായി ചര്‍ച്ച നടത്തി അന്തിമ മാര്‍ഗരേഖ തയാറാക്കും. സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍, പരിസരത്തെ കടകളിലുള്ളവര്‍, വീടുകളിലുള്ളവര്‍ എന്നിവര്‍ രണ്ട് ഡോസ് വാക്സിന് എടുത്തുവെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കും.