പട്ടയഭൂമിയിലെ മരങ്ങളുടെ കണക്കെടുക്കാന്‍ റവന്യു വകുപ്പിന്റെ അടിയന്തര നിര്‍ദേശം
Tuesday, June 15, 2021 12:43 AM IST
തിരുവനന്തപുരം: പട്ടയഭൂമിയിലെ മരങ്ങളുടെ കണക്കെടുക്കാന്‍ റവന്യൂ വകുപ്പിന്റെ നിര്‍ദേശം. മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് റവന്യു വകുപ്പിന്റെ അടിയന്തര നടപടി. മരങ്ങളുടെ കണക്കെടുക്കുന്നതു സംബന്ധിച്ച് റവന്യു സെക്രട്ടറി എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും കത്തയച്ചു. പട്ടയഭൂമിയിലെ മരങ്ങള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ശേഖരിക്കാനാണ് നിര്‍ദേശം.
പട്ടയം കിട്ടുന്നതിനു മുന്‍പും ശേഷവും ഭൂമിയിലുണ്ടായിരുന്ന മരങ്ങളുടെ എണ്ണത്തെ സംബന്ധിച്ചും എത്ര മരങ്ങള്‍ നഷ്ടപ്പെട്ടു എന്നതു സംബന്ധിച്ചും പട്ടയഭൂമിയിലെ രാജകീയ മരങ്ങള്‍ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ശേഖരിക്കുക. പട്ടയഭൂമിയിലെ മരങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന്റെ കൈവശം രേഖകളൊന്നുമില്ലാത്തത് വീഴ്ചയാണെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന് നേരത്തേ വ്യക്തമാക്കിയിരുന്നു.കണക്കെടുപ്പ് പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യൂ സെക്രട്ടറി ലാന്‍ഡ് റവന്യൂ കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2020 ല്‍ സര്‍ക്കുലര്‍ ഇറങ്ങിയതുമുതല്‍ 2021 ഫെബ്രുവരി രണ്ടിന് ഉത്തരവ് റദ്ദാക്കിയതുവരെയുള്ള കാലയളവിനുള്ളില്‍ എത്ര മരങ്ങള്‍ വിവിധ പട്ടയഭൂമികളില്‍ നിന്ന് മുറിച്ചുകടത്തി, ഇനി എത്ര മരങ്ങള്‍ അവശേഷിക്കുന്നുണ്ട്, ഈ കാലയളവില്‍ വനംവകുപ്പ് നല്കിയ പാസുകൾ, ഇതുമായി ബന്ധപ്പെട്ട, കേസുകളുടെ പുരോഗതി തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ ഒരാഴ്ചയ്ക്കം നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍മാര്‍ക്കുള്ള നിര്‍ദേശം.
അതേസമയം ജില്ല തിരിച്ചുള്ള പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങളുടെ കണക്കെടുപ്പ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.