വാക്സിനേഷന് ഇന്നു മുതൽ മുൻകൂർ രജിസ്ട്രേഷൻ
Thursday, April 22, 2021 12:55 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു.
ഇന്നു മുതൽ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാവില്ല. രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളു.
കോവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്ട്രേഷൻ നടത്തുന്നതിന് ജില്ലകൾ മുൻകൈയെടുക്കണം.
സർക്കാർ, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യതയെ അടിസ്ഥാനമാക്കി കോവിൻ വെബ് സൈറ്റിൽ സെഷനുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നുവെന്ന് ജില്ലകൾ ഉറപ്പുവരുത്തണം.
വാക്സിനേഷൻ സെഷനുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം.
സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. കൈകൾ ശുചിയാക്കാൻ സാനിറ്റൈസർ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം.
വാക്സിനേഷൻ കേന്ദ്രങ്ങളിലെ കോവിഷീൽഡിന്റെയും കോവാക്സിന്റെയും ലഭ്യതയനുസരിച്ച് പ്ലാൻ ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും വേണം.
45 വയസിന് മുകളിലുള്ള പൗരൻമാർക്ക് ഒന്നാമത്തേതും രണ്ടാമത്തേയും കോവിഡ് വാക്സിൻ സമയബന്ധിതമായി നൽകണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും രണ്ടാം ഡോസ് നൽകണം.