ഇൻഫാം വാഹനറാലി നാളെ
Monday, January 25, 2021 12:53 AM IST
വാഴക്കുളം: ദേശീയ കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ഡൽഹിയിൽ നാളെ നടത്തുന്ന ട്രാക്ടർ റാലിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇൻഫാമിന്റെ ആഭിമുഖ്യത്തിലുള്ള വാഹനറാലി നാളെ. ഡൽഹിയിൽ ട്രാക്ടർ റാലി നടക്കുന്ന നാളെ രാവിലെ 11ന് മൂവാറ്റുപുഴ ഇ ഇ സി മാർക്കറ്റിൽ നിന്ന് കർഷകർ ഐക്യദാർഢ്യ പരേഡ് ആരംഭിക്കും.
മൂവാറ്റുപുഴ ബിഷപ് ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളിൽ, ദേശീയ വൈസ് ചെയർമാൻ കെ.മൈതീൻ ഹാജി, സെക്രട്ടറി ഫാ.ജോർജ് പൊട്ടയ്ക്കൽ, ട്രഷറർ ജോയി തെങ്ങുംകുടിയിൽ, സംസ്ഥാന ട്രഷറർ സണ്ണി അഗസ്റ്റിൻ, ജില്ലാ പ്രസിഡന്റുമാരായ പി.എസ് മൈക്കിൾ, ജോയി പള്ളിവാതുക്കൽ, രൂപതാ ഡയറക്ടർ ഫാ.റോബിൻ പടിഞ്ഞാറേക്കുറ്റ്, മേഖലാ പ്രസിഡന്റുമാരായ ബേബി മങ്ങാട്ട്, ജയിംസ് പള്ളിക്കമ്യാലിൽ, വി.എം.ഫ്രാൻസിസ്, കല്ലൂർക്കാട് കാർഷിക മാർക്കറ്റ് പ്രസിഡന്റ് പി.ഡി ഫ്രാൻസിസ്, ജോണി നെല്ലിക്കുന്നേൽ തുടങ്ങിയവർ വാഹന റാലിക്ക് നേതൃത്വം നൽകും. കാർഷികോത്പന്നങ്ങളും കാർഷിക മേഖലയിലെ വിവിധ പണി ആയുധങ്ങളും ഉപകരണങ്ങളും ഉയർത്തിയാണ് പരേഡ് നടത്തുന്നത്.ദേശീയ കർഷകരുടെ ട്രാക്ടർ റാലിയെ അനുസ്മരിച്ച് ട്രാക്ടറുകളും ഇതര വാഹനങ്ങളും പരേഡിൽ ഉൾപ്പെടുത്തും.