5000 കടന്ന് കോവിഡ്
Thursday, September 24, 2020 1:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. ഇന്നലെ 5376 പേർക്കു രോഗം സ്ഥിരീകരിച്ചു. 20 മരണം കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു.
24 മണിക്കൂറിൽ 51,200 പേരുടെ സാന്പിളുകൾ പരിശോധിച്ചിരുന്നു. ഇതുവരെ നടത്തിയ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന പരിശോധനയാണിത്. പരിശോധിച്ചവരിൽ 10.5 ശതമാനം പേർക്ക് രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 4,424 പേർക്ക് സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 640 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5,064 സന്പർക്ക രോഗികളാണുള്ളത്.
99 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 140 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
നിലവിൽ 42,786 പേരാണ് ചികിത്സയിലുള്ളത്. 1,04,682 പേർ ഇതുവരെ രോഗമുക്തി നേടി. 2,12,629 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 20 മരണം കൂടി ആയതോടെ ആകെ കോവിഡ് മരണം 592 ആയി.