സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് ഇന്നും നാളെയും
Wednesday, September 23, 2020 12:27 AM IST
തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്നും നാളെയുമായി ചേരും. സ്വർണക്കടത്തു കേസിൽ മന്ത്രി കെ.ടി. ജലീലിനെ എൻഐഎ ചോദ്യം ചെയ്തതടക്കമുള്ള വിവാദ വിഷയങ്ങൾ യോഗം ചർച്ച ചെയും. സർക്കാരിന്റെ പ്രവർത്തനങ്ങളും പാർട്ടി മന്ത്രിമാർ അവരുടെ വകുപ്പുകളിൽ നടത്തിവരുന്ന ജനകീയ പദ്ധതികളും എക്സിക്യുട്ടീവ് യോഗം പരിശോധിക്കും.
നിരവധി വിവാദങ്ങൾ സർക്കാരുമായി ബന്ധപ്പെട്ടുണ്ടായിട്ടും പാർട്ടി വേണ്ട രീതിയിൽ പ്രതികരിച്ചില്ലെന്ന അമർഷം സിപിഐയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
കഴിഞ്ഞ ദിവസം ശ്രീ നാരായണ ഗുരുവിന്റെ പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ സിപിഐ ജനപ്രതിനിധികളെ ഒഴിവാക്കിയതിലുള്ള പ്രതിഷേധവും നേതാക്കൾക്കുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിൽ സർക്കാരിനെ വിഷമിപ്പിക്കുന്ന ഒരു പ്രതികരണവും സിപിഐയുടെ ഭാഗത്തു നിന്നും ഉണ്ടാകാനിടയില്ല.